
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വൈദ്യുതി തടസ്സത്തില്‍ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ നാളെ പിഡബ്ല്യൂഡി-കെഎസ്ഇബി-ആശുപത്രി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് തലസ്ഥാന നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നായ എസ്എടിയില്‍ വൈദ്യുതി തടസ്സമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് മൂന്ന് മണിക്കൂറോളം വൈദ്യതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയതിനു പിന്നാലെ, ജനറേറ്റര്‍ കേടായതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വൈദ്യുതി തടസ്സം സപ്ലൈ തകരാര്‍ കൊണ്ടല്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.
ആശുപത്രിയില്‍ ഒരു ബ്ലോക്കില്‍ വൈദ്യുതി ഇല്ലാതായെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വൈദ്യുതി മന്ത്രിയുടേയും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടിയിരുന്നു.