
ഇത്തവണത്തെ ഓണം ബമ്പർ നേടിയ അൽത്താഫ് ലോട്ടറി വിറ്റ നാഗരാജിനെ കാണാനെത്തി. കൽപ്പറ്റയിലെ ബാങ്കിലെത്തി ടിക്കറ്റ് ഹാജരാക്കിയ ശേഷം ബത്തേരിയിലെ എൻജിആർ ലോട്ടറി സെന്ററിലെത്തി അൽത്താഫ് നാഗരാജിന് നന്ദി അറിയിച്ചു.
താൻ കൊടുത്ത ലോട്ടറി ടിക്കറ്റിലൂടെ 25 കോടിയുടെ ഭാഗ്യം നേടിയ ഭാഗ്യശാലിയെ നാഗരാജ് ഇന്നാണ് കണ്ടത്. ലോട്ടറി ടിക്കറ്റ് കൽപ്പറ്റയിലെ ബാങ്കിൽ കൊടുത്ത ശേഷം മൈസൂർ പാണ്ഡപുരയിലെ വീട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് അൽത്താഫ് ബത്തേരിയിലെ എംജിആർ ലോട്ടറി സെന്ററിൽ എത്തിയത്. അൽത്താഫിനെ കേക്ക് മുറിച്ച് മധുരം നൽകി നാഗരാജ് സ്വീകരിച്ചു. മാണ്ഡ്യ സ്വദേശികളാണ് നാഗരാജും അൽതാഫും. ഒരേനാട്ടുകാരായിട്ടും കണ്ടുമുട്ടിയത് ഈ സുവർണ നിമിഷത്തിലാണ്. ബംപർ അടിച്ച ആൾ തൻ്റെ കടയിൽ വന്നത് തന്നെ സന്തോഷമെന്ന് നാഗരാജും മലയാളികളുടെ സഹായം മറക്കില്ലെന്ന് അൽത്താഫും പറഞ്ഞു.
വയനാട് കൽപ്പറ്റയിലെ എസ്ബിഐ ടൗൺ ശാഖയിലെത്തിയാണ് അൽത്താഫ് അക്കൗണ്ട് എടുത്തത്. തുടർന്ന് ടിക്കറ്റ് ബാങ്ക് മാനേജർക്ക് കൈമാറി. പാണ്ഡവപുരത്ത് ബൈക്ക് മെക്കാനിക്കായ അൽത്താഫ് വാടക വീട്ടിലാണ് താമസം. 15 വർഷമായി തുടർച്ചയായി ലോട്ടറി എടുക്കുന്നയാളാണ് അൽത്താഫ്.