"ഇത് ജനങ്ങളുടെ ബജറ്റ്"; നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'ജനങ്ങൾക്കായുള്ള സമ്പാദ്യം' എന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
"ഇത് ജനങ്ങളുടെ ബജറ്റ്"; നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Published on

2025ലെ കേന്ദ്ര ബജറ്റിനെ 'ജനങ്ങളുടെ ബജറ്റ്' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസം​ഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണത്തെ ബജറ്റ് നിക്ഷേപത്തെ ഉത്തേജിപ്പിക്കുമെന്നും 'വികസിത് ഭാരത്' സങ്കൽപത്തിന് വഴിയൊരുക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.


'ജനങ്ങൾക്കായുള്ള സമ്പാദ്യം' എന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 12 ലക്ഷം രൂപ വരെ (സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12.75 ലക്ഷം രൂപ) വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി ഒഴിവാക്കിയതും നികുതി സ്ലാബുകളുടെ പരിഷ്കരണവും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ ഈ പ്രസ്താവന.


"ഈ ബജറ്റിൽ, പ്രതിവർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതിരഹിതമാക്കിയിട്ടുണ്ട്. എല്ലാ വരുമാന വിഭാഗങ്ങൾക്കും നികുതി കുറച്ചിട്ടുണ്ട്. ഇത് നമ്മുടെ മധ്യവർഗത്തിന് വളരെയധികം ഗുണം ചെയ്യും. അടുത്തിടെ തൊഴിൽ മേഖലയിൽ ചേർന്ന ആളുകൾക്ക് ഇത് ഒരു അവസരമായിരിക്കും..." പ്രധാനമന്ത്രി പറഞ്ഞു.


2025 ലെ ബജറ്റിന് ധനമന്ത്രിക്കും സംഘത്തിനും മോദി തന്റെ ഹ്രസ്വമായ വീഡിയോ പ്രസ്താവനയിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്കും കപ്പൽ നിർമാണം, സമുദ്ര വ്യവസായങ്ങൾക്കും രാജ്യത്തുടനീളമുള്ള കർഷകർക്കും ഈ ബജറ്റ് സഹായകമാകുമെന്നും മോദി പറഞ്ഞു. ഗിഗ് തൊഴിലാളികൾക്കായുള്ള സാമൂഹിക സുരക്ഷാ നടപടികളെപ്പറ്റിയും പ്രധാനമന്ത്രി പരാമർശിച്ചു. ഇത് തൊഴിലിന്റെ അന്തസ്സിനോടുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധതയെയാണ് അടിവരയിടുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ധനമന്ത്രിയുടെ 'ഗ്യാൻ ഭാരത് മിഷൻ' പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു. "ഒരു കോടി കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനായാണ്  ആരംഭിച്ചിരിക്കുന്നത്," മോദി പറഞ്ഞു. ഇന്ത്യൻ വിജ്ഞാന പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ദേശീയ ഡിജിറ്റൽ ശേഖരം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 'കിസാൻ ക്രെഡിറ്റ് കാർഡ്' 5 ലക്ഷം രൂപയായി ഉയർത്തുന്നത് ഉൾപ്പെടെയുള്ള കർഷകർക്കുള്ള പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും മുഴുവൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും ഒരു പുതിയ വിപ്ലവത്തിന് കാരണമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com