'ഈ പിതൃസ്നേഹം വ്യാജം'; ഇലോൺ മസ്‌കിനെതിരെ വേർപിരിഞ്ഞ മകൾ വിവിയൻ ജെന്ന വിൽസൺ

ട്രാൻസ്ജെൻഡറായിരുന്ന താൻ വളരുന്നത് കാണാൻ മസ്‌ക് ഒരിക്കലും അടുത്ത് ഉണ്ടായിരുന്നില്ലെന്നാണ് മകൾ വിവിയൻ പറഞ്ഞത്.
ഇലോൺ മസ്കും മകൾ വിവിയ ജെന്ന വിൽസണും
ഇലോൺ മസ്കും മകൾ വിവിയ ജെന്ന വിൽസണും
Published on

ബാല്യകാലത്തെക്കുറിച്ചുള്ള ഇലോൺ മസ്‌കിൻ്റെ വിവരണം തള്ളി വേർപിരിഞ്ഞ മകൾ വിവിയൻ ജെന്ന വിൽസൺ. താൻ വളരുന്നത് കാണാൻ മസ്‌ക് ഒരിക്കലും അടുത്തില്ലായിരുന്നു എന്നാണ് വിവിയൻ പറയുന്നത്. മെറ്റ ത്രെഡ്സ് വഴിയായിരുന്നു മസ്‌കിൻ്റെ ട്രാൻസ്-വിരുദ്ധ പ്രസ്താവനകളെ കുറിച്ചും തൻ്റെ ബാല്യത്തെക്കുറിച്ചും പറഞ്ഞ് വിവിയൻ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ മകളും ട്രാൻസ്ജെൻഡർ വ്യക്തിയുമായ വിവിയനെകുറിച്ച് മസ്ക് എക്സിൽ കുറിക്കുന്നത്. ജന്മനാ സ്വവർഗ്ഗാനുരാഗിയും ചെറുതായി ഓട്ടിസം ബാധിച്ചവളുമായിരുന്നു വിവിയൻ എന്നായിരുന്നു മസ്കിൻ്റെ പരാമർശം. പിതൃസ്നേഹം കാണിക്കാനെന്നോണമുള്ള വരികളും പോസ്റ്റിലുണ്ടായിരുന്നു. നാലാം വയസിൽ അവൾ ജാക്കറ്റ് പോലെ ധരിക്കാനുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് അത് വളരെ നല്ലതാണെന്ന് പറയുമായിരുന്നെന്നും സംഗീതത്തിലും നാടകത്തിലും അവൾക്ക് താൽപര്യമുണ്ടായിരുന്നെന്നും മസ്ക് കുറിച്ചു. എന്നാൽ അവൻ ഒരു പെൺകുട്ടിയായിരുന്നില്ലെന്നായിരുന്നു മസ്കിൻ്റെ പോസ്റ്റിലെ അവസാന വരികൾ.

എന്നാൽ മസ്‌കിൻ്റെ കുറിപ്പ് പൂർണമായും കള്ളമാണെന്ന് പറഞ്ഞ് കൊണ്ടാണ് 24കാരിയായ വിവിയൻ രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് തൻ്റെ ലൈംഗികതയെയും സ്ത്രീത്വത്തെയും ചൊല്ലി പിതാവ് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്നും ഇപ്പോൾ സഹതാപത്തിനായി കള്ളങ്ങൾ മെനയുകയാണെന്നും വിവിയൻ വ്യക്തമാക്കി.

വെറും നാല് വയസ്സുള്ള താൻ സംഗീതവും നാടകവും ഇഷ്ടപ്പെട്ടിരുന്നുവെന്ന മസ്‌കിൻ്റെ അവകാശവാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വിവിയൻ ചൂണ്ടികാട്ടി. നാലുവയസ് മാത്രം ഉണ്ടായിരുന്ന തനിക്ക് അസാധാരണമായ കഴിവുകളൊന്നും തന്നെയുണ്ടായിരുന്നില്ലെന്ന് വിവിയൻ പറയുന്നു. മസ്‌ക് ശ്രദ്ധാകേന്ദ്രമാവാനും നല്ലപിള്ള ചമയാനുമായി നിർമിച്ചെടുത്ത കള്ളങ്ങളാണ് ഇവയെന്നും വിവിയൻ ആരോപിക്കുന്നു. കാലിഫോർണിയ നിയമപരമായി, ഒരു സ്ത്രീയായി തന്നെ അംഗീകരിച്ചെങ്കിൽ തനിക്ക് മസ്‌കിൻ്റെ സാധൂകരണം ആവശ്യമില്ലെന്നും വിവിയൻ പറഞ്ഞു.

മകനെ കൊന്നത് ട്രാൻസ് സമൂഹത്തെ ബാധിച്ച പ്രത്യേകതരം വൈറസാണെന്ന മസ്‌കിൻ്റെ പരാമർശം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. കനേഡിയന്‍ മനഃശാസ്ത്രജ്ഞനും യാഥാസ്ഥിതിക വാദിയുമായ ജോർദാൻ പീറ്റേഴ്‌സണുമായി നടത്തിയ ടെലിവിഷന്‍ സംവാദത്തിലായിരുന്നു ഇലോണ്‍ മസ്‌കിൻ്റെ പ്രസ്താവന. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തനിക്ക് മകനെ നഷ്ടപ്പെട്ടുവെന്നും, മകന്‍ കൊല്ലപ്പെട്ടു എന്നുമായിരുന്നു മസ്‌‌ക് പറഞ്ഞത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com