
ഇടുക്കി തൊടുപുഴ നഗരസഭാ ചെയർമാൻ സ്ഥാനം നഷ്ടമായതിനു പിന്നാലെ ജില്ലയിലെ യുഡിഎഫിൽ പൊട്ടിത്തെറി. യുഡിഎഫ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു. എൽഡിഎഫിന് വോട്ട് ചെയ്ത് ജയിപ്പിച്ചതിനു പിന്നാലെയാണ് പാർട്ടിക്കുള്ളിൽ ഭിന്നത രൂപപ്പെട്ടത്. ഇതോടെ ലീഗിന് അവരുടെ വഴിയെന്ന് ഡിസിസി അധ്യക്ഷൻ സി.പി. മാത്യു തിരിച്ചടിച്ചു. മുന്നണിയിൽ ഐക്യം ഇല്ലാത്തതിൻ്റെ ഫലമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പറഞ്ഞു .
വാർഡ് ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ലഭിച്ച തൊടുപുഴ നഗരസഭയിലെ ഭരണം നഷ്ടമായതിനെ ചൊല്ലിയാണ് ഇടുക്കി യുഡിഎഫിൽ കലഹം ആരംഭിച്ചത്. സമവായ ചർച്ചകൾ പാളിപ്പോയ തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെയും ലീഗിൻ്റെയും സ്ഥാനാർഥികൾ മത്സരിച്ചു . മൂന്നു റൗണ്ട് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ അവസാനവട്ടം മുസ്ലിം ലീഗ് അംഗങ്ങളിൽ അഞ്ചുപേർ സിപിഎം നു വോട്ട് നൽകിയതിനെതുടർന്നാണ് എൽഡിഎഫ് സ്ഥാനാർഥി സബീന ബിഞ്ചു ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസ് വഞ്ചന കാണിച്ചെന്നും ലീഗ് വെച്ച കോണിയിൽ ചവിട്ടികയറി ജയിച്ചവരാണ് ജില്ലയിലെ യുഡിഎഫിലെ പല സംവിധാനമെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു.