തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം: മരണകാരണം ഒപ്പം താമസിച്ചിരുന്നവരുടെ മർദനമെന്ന് കുടുംബം

ഒപ്പം കഴിഞ്ഞിരുന്നവർ തമ്മിൽ വാക്‌തർക്കമുണ്ടായപ്പോൾ പരിഹരിക്കാൻ ചെന്ന ലിബിനെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നെന്നാണ് വിവരം
തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം: മരണകാരണം ഒപ്പം താമസിച്ചിരുന്നവരുടെ മർദനമെന്ന് കുടുംബം
Published on

ബെംഗളൂരുവിൽ മലയാളി യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇടുക്കി തൊടുപുഴ മണക്കാട് സ്വദേശി ലിബിൻ ഇന്നലെയാണ് ബെംഗളൂരുവിൽ വെച്ച് മരിച്ചത്. ഒപ്പം താമസിച്ചവർ മർദിച്ചെന്നും ഇതാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കുടുംബം ബെംഗളൂരു പൊലീസിൽ പരാതി നൽകി.


കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കഴിഞ്ഞ നാല് വർഷമായി ലിബിൻ ബെംഗളൂരുവിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു. രണ്ട് സഹോദരങ്ങളാണ് ലിബിനൊപ്പം റൂമിൽ കഴിഞ്ഞിരുന്നത്. സഹോദരങ്ങൾ തമ്മിൽ വാക്‌തർക്കമുണ്ടായപ്പോൾ പരിഹരിക്കാൻ ചെന്ന ലിബിനെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നെന്നാണ് വിവരം. ലിബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിന് അപസ്മാരമുണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

ബാത്ത്റൂമിൽ തലയടിച്ച് വീണതാണ് മുറവിന് കാരണമെന്നായിരുന്നു സുഹൃത്തുക്കൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ലിബിൻ്റെ മുറിവ് ഗുരുതരമായിരുന്നു. ബാത്ത്റൂമിൽ തലയടിച്ച് വീണാൽ ഇത്തരമൊരു മുറിവ് സംഭവിക്കില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.


ഡോക്ടർമാർ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ചികിത്സയിലായിരുന്ന ലിബിൻ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. സംഭവത്തിൽ കുടുംബം ബെംഗളൂരു പൊലീസ് പരാതി നൽകിയിട്ടുണ്ട്. യുവാവിൻ്റെ നില ഗുരുതരമാണെന്ന് അറിഞ്ഞതിന് പിന്നാലെ ഒരാൾ സ്ഥലം വിട്ടെന്നും കുടുംബം ആരോപിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com