
തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ബിജുവിനെ ആക്രമിച്ച സ്ഥലത്തെ തെളിവെടുപ്പില്‍ പെപ്പർ സ്പ്രേയും ചെരിപ്പും കണ്ടെത്തി. ക്വട്ടേഷൻ സംഘത്തിന്‍റെ ക്രൂരമർദനത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് ബിജു മരിക്കാന്‍ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവവും കണ്ടെത്തി. വലതു കൈത്തണ്ടയിലുണ്ടായ മുറിവില്‍ കൂടുതൽ വ്യക്തത വരുത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന ആസൂത്രണത്തിലൂടെയാണ് ബിജുവിനെ സംഘം കൊലപ്പെടുത്തിയത്. ബിജുവിന്‍റെ വീടും പരിസരവും പ്രതികൾ ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച കൊലപാതകം നടത്താനുള്ള ആദ്യ പദ്ധതി പാളിയതോടെയാണ് വ്യാഴാഴ്ച പുലർച്ചെ കൊലപാതകം നടപ്പാക്കിയത്.
പുലർച്ചെ സ്കൂട്ടറിൽ വീടിനു പുറത്തിറങ്ങിയ ബിജുവിനെ അലാറംവെച്ച് ഉണർന്നാണ് സംഘം പിന്തുടർന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ ബിജുവിന്‍റെ വീടിനുപരിസരത്തും, തട്ടിക്കൊണ്ടുപോയ സ്ഥലത്തും, കലയന്താനിയിലെ കാറ്ററിങ് ഗോഡൗണിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഒന്നാം പ്രതി ജോമോനുവേണ്ടി അടുത്ത ദിവസം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ജയിലിൽ കഴിയുന്ന കാപ്പ കേസ് പ്രതി ആഷിഖിനായും പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് ബിജുവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടെ ജോമോനും ബിജുവും തമ്മിലെ സാമ്പത്തിക കരാറിന്‍റെ പകർപ്പും പുറത്തുവന്നു. ഓഗസ്റ്റ് 27നാണ് ഉപ്പുതറ പൊലീസിന്‍റെ മധ്യസ്ഥതയിൽ കരാറുണ്ടാക്കിയത്. വ്യവസ്ഥകൾ പ്രകാരം കൊല്ലപ്പെട്ട ബിജു, ജോമോന് ടെമ്പോ ട്രാവലർ, ആംബുലൻസ്, മൊബൈൽ ഫ്രീസർ എന്നിവ ഉൾപ്പെടെ കൈമാറാൻ ഉണ്ടായിരുന്നു. മൂന്നുമാസത്തിനുള്ളിൽ കരാർ പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കാത്തതിനെ തുടർന്നാണ് ക്വട്ടേഷൻ സംഘത്തിന്‍റെ സഹായം തേടിയതെന്നാണ് ജോമോന്‍റെ മൊഴി.