ശ്രേഷ്ഠ ബാവയ്ക്ക് വിട: ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറടക്കം പൂർത്തിയായി

ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെ യാക്കോബായ സഭയെ പ്രത്യേക സഭയാക്കുന്നതിന് നേതൃത്വം നല്‍കിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു
ശ്രേഷ്ഠ ബാവയ്ക്ക് വിട: ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറടക്കം പൂർത്തിയായി
Published on

യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറടക്കം പൂർത്തിയായി. ശ്രേഷ്ഠ ബാവയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയാണ് വിശ്വാസി സമൂഹം യാത്രാമൊഴി നൽകിയത്. പുത്തൻ കുരിശ് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ നിശ്ചയിച്ച ശുശ്രൂഷകൾക്ക് ശേഷമായിരുന്നു കബറടക്കം. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ നിരവധി വ്യക്തിത്വങ്ങളടക്കം ആയിരക്കണക്കിന് മനുഷ്യരാണ് ബാവയുടെ അന്ത്യയാത്രയിൽ ഒപ്പം ചേർന്നത്.

അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ള ആർച്ച് ബിഷപ്പുമാർ പ്രതിനിധികളായി എത്തിയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. ജോസഫ് ജോർജ് മാർ ഗ്രിഗോറിയാസ്, ദിവനാസിയോസ് ജോൺ കാവാക്, അത്തനാസിയോസ് തോമസ് ദാവീദ് എന്നിവർ ചേർന്ന് കബറടക്ക ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.


കഴിഞ്ഞ ദിവസം വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വിലാപയാത്രയായി കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചിരുന്നു. രാവിലെ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉച്ചവരെയുണ്ടായ പൊതു ദർശനത്തിൽ ആയിരക്കണക്കിന് വിശ്വാസികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, നടൻ മമ്മൂട്ടി തുടങ്ങിയവരും മറ്റ് ക്രൈസ്തവ സഭാ പ്രതിനിധികളും ബാവയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.

മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഒക്ടോബർ 31നാണ് നിര്യാതനായത്. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെ യാക്കോബായ സഭയെ പ്രത്യേക സഭയാക്കുന്നതിന് നേതൃത്വം നല്‍കിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com