
കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. തരൂരിനെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നതിൽ തടസമില്ല. തരൂർ നിലപാട് വ്യക്തമാക്കട്ടെയെന്നുമായിരുന്നു തോമസ് ഐസക്കിന്റെ പ്രസ്താവന. കോൺഗ്രസിന് കേരളത്തിൽ നേതൃത്വമില്ലെന്ന ഇന്ത്യൻ എക്സപ്രസ് അഭിമുഖത്തിൽ ശശി തരൂർ അഭിപ്രായപ്പെട്ടതിനെ പ്രതി ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.
കോൺഗ്രസിൽ നിന്ന് പലരെയും സിപിഎം സ്വീകരിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂട്ടിച്ചേർത്തു. എന്നാൽ, തരൂരിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയേണ്ട കാര്യമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. സ്വന്തം നിലയിൽ കാര്യങ്ങൾ പറയാൻ കഴിവുള്ള നേതാവാണ് തരൂർ എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ ഒരു നേതാവ് ഇത്തരത്തിൽ പറയുമ്പോൾ തള്ളിക്കളയേണ്ട കാര്യമില്ലെന്നും തരൂരിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോൺഗ്രസിന് ഒരു നേതാവിന്റെ അഭാവമുണ്ടെന്ന ശശി തരൂരിന്റെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കോൺഗ്രസിനുള്ളിലെന്നപോലെ സിപിഎമ്മും ശശി തരൂരിന്റെ പ്രസ്താവനകളെ ഗൗരവമായാണ് നിരീക്ഷിക്കുന്നതെന്നാണ് നേതാക്കളുടെ പ്രതികരണം ചൂണ്ടിക്കാണിക്കുന്നത്. സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും തരൂർ പറഞ്ഞു. ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയത്. പാർട്ടിക്കപ്പുറമുള്ള പിന്തുണയും സ്വീകാര്യതയുമാണ് തനിക്ക് തിരുവനന്തപുരത്ത് ലഭിക്കുന്നതെന്നും തരൂർ പറഞ്ഞു. സ്വതന്ത്ര സംഘടനകൾ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളിൽ സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയർന്ന് കേൾക്കുന്നതെന്നും തരൂർ പോഡ്കാസ്റ്റിൽ പറഞ്ഞു. പാർട്ടിക്ക് അത് ഉപയോഗിക്കണമെങ്കിൽ താൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അങ്ങനെ അല്ലെങ്കിൽ തന്റെ മുന്നിൽ മറ്റ് വഴികളുണ്ടെന്നും തരൂർ വ്യക്തമാക്കി. പാർട്ടി മാറുന്നത് തന്റെ ആലോചനയിൽ ഇല്ല. അതേസമയം, ഒരാൾക്ക് സ്വതന്ത്രനായി നിൽക്കാനുള്ള അവകാശമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിൽ ഒരുകാലത്തും കോൺഗ്രസിന് നേതൃക്ഷാമമുണ്ടായിട്ടില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണമെന്നും അദ്ദേഹത്തിന്റെ സേവനം കോൺഗ്രസിന് ആവശ്യമാണെന്നും കെ. മുരളീധരൻ അറിയിച്ചു.