
എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസിനെ തിരഞ്ഞെടുത്തു. പി.കെ. രാജന്‍ മാസ്റ്റര്‍, പി.എം. സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ദേശീയ നേതൃത്വമാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. പാർട്ടിയിൽ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നും, തർക്കങ്ങൾ ഇല്ലാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും പ്രഖ്യാപനത്തിന് പിന്നാലെ തോമസ് കെ. തോമസ് പറഞ്ഞു.
മന്ത്രിമാറ്റ ചർച്ച എന്ന വിഷയമേ വിട്ടുകളയാമെന്നായിരുന്നു അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തോമസ് കെ. തോമസിൻ്റെ പ്രസ്താവന. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകും. ഒരുപാട് പേർ പുതിയതായി എൻസിപിയിലേക്ക് വരുമെന്നും തോമസ് കെ. തോമസ് കൂട്ടിച്ചേർത്തു.
കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ചർച്ച മുന്നണിയിലാണ് ഉണ്ടാവുകയെന്ന് തോമസ് കെ. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഉടനെ കാണുമെന്നും അദ്ദേഹം തന്നെ വിളിച്ചിരുന്നെന്നും തോമസ് കെ. തോമസ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിമർശനത്തെക്കുറിച്ചും നേതാവ് പ്രതികരിച്ചു. തന്നെ ആർക്കും വിമർശിക്കാം, തന്റെ കുറവുകൾ ആയിരിക്കാം വെള്ളാപ്പള്ളി പറഞ്ഞത്. തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
എൻസിപിയിലെ തർക്ക വിഷയങ്ങളിൽ പ്രതികരിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളി നടേശൻ തോമസ് കെ. തോമസിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. "തോമസ് കെ. തോമസ് ഒരു പോഴൻ എംഎൽഎ" ആണെന്നും അദ്ദേഹത്തിന് എംഎൽഎ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.