
എൻസിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച തർക്കത്തിന് പരിഹാരം. മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറായി എ.കെ ശശീന്ദ്രൻ. തോമസ് കെ തോമസ് പകരം മന്ത്രിസ്ഥാനത്തേക്കെത്തും. മുംബൈയിൽ നടന്ന എൻസിപി യോഗത്തിലാണ് തീരുമാനം. മന്ത്രിസ്ഥാനമൊഴിയാൻ ഒരാഴ്ച്ച സമയം ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണയായത്. ചർച്ചയിൽ എ.കെ ശശീന്ദ്രനെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ പരിഗണിക്കാൻ തീരുമാനമായതായും റിപ്പോർട്ടുകളുണ്ട്.
മന്ത്രിസ്ഥാനത്തിന് തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും യോഗ്യരായ നേതാക്കളാണെന്നും പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുവാൻ തയ്യാറാണെന്നും എ.കെ. ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ടര വർഷം കഴിഞ്ഞാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ. തോമസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിയണമെന്ന മുൻധാരണ പാർട്ടിയിൽ ഇല്ലെന്നും, മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനം രാജി വെക്കുമെന്നുമായിരുന്നു ഈ ആവശ്യത്തോടുള്ള എ.കെ. ശശീന്ദ്രൻ്റെ പ്രതികരണം.