
പാർട്ടി പറഞ്ഞാൽ നിലമ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് സിപിഐഎം സാധ്യതാ പട്ടികയിലുള്ള തോമസ് മാത്യു. എൽഡിഎഫ് ഇത്തവണയും വിജയം ആവർത്തിക്കുമെന്ന് തോമസ് മാത്യു വ്യക്തമാക്കി. 2011ലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ആകും. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയെ തീരുമാനിക്കാനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരാനിരിക്കെയാണ് തോമസ് മാത്യുവിന്റെ പ്രതികരണം.
"രണ്ട് പ്രാവശ്യം ഈ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട ആളാണ് ഞാൻ. അതിനെ പരാജയമായി ഞാൻ കാണുന്നില്ല. ആ പരാജയത്തിൽ നിന്ന് ഞാൻ പഠിച്ച ചില പാഠങ്ങളുണ്ട്. ഒരു ആശയ സംവാദം നടത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരു സാധ്യതയുണ്ടെങ്കിൽ ഞാൻ മത്സരിക്കാൻ തയ്യാറാണ്," തോമസ് മാത്യു പറഞ്ഞു. സിപിഐഎമ്മിന് നൂറ് ശതമാനം മണ്ഡലം നിലനിർത്താൻ സാധിക്കും. സിപിഐഎം പറ്റിയ സ്ഥാനാർഥിയെ കണ്ടെത്തുമെന്നും അതിൽ സംശയമില്ലെന്നും തോമസ് മാത്യൂ കൂട്ടിച്ചേർത്തു. 1996ലും 2011ലും നിലമ്പൂരിൽ മത്സരിച്ച തോമസ് മാത്യു കുറഞ്ഞ വോട്ടുകൾക്കാണ് ആര്യാടൻ മുഹമ്മദിനോട് പരാജയപ്പെട്ടത്.
സിപിഐഎം പരിഗണിക്കുന്നവരിൽ മുൻപന്തിയിലുള്ള ആളാണ് തോമസ് മാത്യു. 1996ൽ ആര്യാടൻ മുഹമ്മദിനെതിരെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ തോമസ് മാത്യു 6,693 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പിന്നീട് 2011ലാണ് തോമസ് മാത്യൂ തെരഞ്ഞെടുപ്പ് രംഗത്തേക്ക് തിരികെയെത്തിയത്. അത്തവണയും ആര്യാടൻ തന്നെയായിരുന്നു പ്രധാന എതിരാളി. 5,598 വോട്ടുകൾക്കായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയം.