ഇടതുപക്ഷത്തിൻറെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിൻറെ കാര്യസ്ഥർ: ബിനോയ് വിശ്വം

കയ്യൂരിൻറെയും കരിവള്ളൂരിൻറെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള കണ്ണൂരിൻ്റെ മണ്ണിൽ നിന്നും കേൾക്കുന്നത് വേദനിപ്പിക്കുന്ന വാർത്തകൾ
ഇടതുപക്ഷത്തിൻറെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിൻറെ കാര്യസ്ഥർ: ബിനോയ് വിശ്വം
Published on

സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിൻറെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണ്, ഈ അറിവ് ഇടതുപക്ഷത്തിൻറെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കയ്യൂരിൻറെയും കരിവള്ളൂരിൻറെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള കണ്ണൂരിൻ്റെ മണ്ണിൽ നിന്നും കേൾക്കുന്നത് വേദനിപ്പിക്കുന്ന വാർത്തകളാണ്. സ്വര്‍ണം പൊട്ടിക്കുന്നതിൻറെയും അധോലോക അഴിഞ്ഞാട്ടത്തിൻ്റെയും കഥകള്‍ അവിടെ നിന്നും പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്.

പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില്‍ നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചു കൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ ആകൂ. പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ എന്നും മാനിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

സിപിഎമ്മില്‍ നിന്ന് പുറത്തുപോയതിനെ തുടര്‍ന്ന് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു. പി. ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com