വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ പിതൃത്വം ഏറ്റെടുക്കുന്നു: എം.എം. ഹസൻ

കോൺഗ്രസ്‌ നേതാക്കളുടെ ഇടപെടൽ കാരണം വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി വൈകി എന്ന് പറയുന്നത് വാസ്തവവിരുദ്ധമെന്ന് കെ. ബാബു എംഎൽഎ
വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ പിതൃത്വം ഏറ്റെടുക്കുന്നു: എം.എം. ഹസൻ
Published on

വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ പിതൃത്വം ഏറ്റെടുക്കുന്നെന്ന് എം.എം. ഹസൻ. പദ്ധതിക്ക് തുടക്കം കുറിച്ചത് ഉമ്മൻ‌ചാണ്ടിയാണെന്നും വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ‌ചാണ്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പിണറായി വിജയനാണെന്നും എം എം ഹസൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പദ്ധതി തങ്ങളുടേത് മാത്രമെന്ന് സ്ഥാപിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു. വിഴിഞ്ഞം ഉമ്മൻ‌ചാണ്ടിയുടെയും യുഡിഎഫിന്റെയും കുഞ്ഞാണെന്നും ഹസൻ കൂട്ടിച്ചേർത്തു.

എന്നാൽ, ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെ ട്രയൽ റണ്ണിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് എം.എം. ഹസ്സൻ ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കോൺഗ്രസ്‌ ആവശ്യപെട്ടു. അതേസമയം, വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎൽഎ എൻ. വിൻസൻ്റ് ചടങ്ങിൽ പങ്കെടുക്കും.

കോൺഗ്രസ്‌ നേതാക്കളുടെ ഇടപെടൽ കാരണം വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി വൈകി എന്ന് പറയുന്നത് വാസ്തവവിരുദ്ധമെന്ന് കെ. ബാബു എംഎൽഎ പ്രതികരിച്ചു. പദ്ധതി വൈകിപ്പിച്ചത് സിപിഎമ്മും എൽഡിഎഫുമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തിന്റെ പിതൃത്വത്തെക്കുറിച്ച് പലർക്കും തർക്കമുണ്ടാകുമെന്നും എന്നാൽ മാതൃത്വത്തെ കുറിച്ച് തർക്കമുണ്ടാകാറില്ലെന്നും, ഉമ്മൻചാണ്ടിയാണ് വിഴിഞ്ഞം പദ്ധതിയുടെ മാതാവെന്നും കെ. ബാബു കൂട്ടിച്ചേർത്തു.

അതേസമയം, പിഎസ്‌‌സി കോഴ ആരോപണത്തിൽ പൊലീസ് കേസ് എടുക്കുന്നില്ലെന്ന് എം.എം. ഹസ്സൻ ആരോപിച്ചു. കേസെടുത്ത് അന്വേഷിക്കേണ്ടത് പൊലീസിന്റെ പ്രാഥമിക കടമയാണെന്നും പൊലീസ് ഒത്തുതീർപ്പിലേക്ക് പോയത് ദുരൂഹമെന്നും എം.എം. ഹസൻ. മന്ത്രി മുഹമ്മദ്‌ റിയാസിനെതിരെ മാത്രം പരാമർശം ഉണ്ടായത് എന്തുകൊണ്ടെന്നും എം.എം. ഹസൻ ചോദിച്ചു. റിയാസിനെതിരായ ആരോപണത്തിന് പിന്നിൽ പി. മോഹനനും എളമരം കരീമുമാണെന്നും അദ്ദേഹം ആരോപിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com