

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ, ആയിരകണക്കിന് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയ പത്തനംതിട്ട തോട്ടപ്പുഴശ്ശേരിയിലെ നിവാസികൾ ആശങ്കയിൽ. നെടുംപ്രയാർ തേവലശ്ശേരി ക്ഷേത്രത്തിന് സമീപം പമ്പയാറിനോട് ചേർന്നുള്ള പ്രദേശത്താണ് പതിനായിരകണക്കിന് വവ്വാലുകൾ കൂട്ടത്തോടെ വിഹരിക്കുന്നത്.
ആയിരകണക്കിന് വവ്വാലുകൾ കൂട്ടമായി എത്തിയതാണ് പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഏഴാം വാർഡിലെ ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്. ആറു വർഷമായി വവ്വാലുകളുടെ സാന്നിധ്യം പ്രദേശത്തുണ്ടെങ്കിലും ഇക്കൊല്ലമാണ് ഇത്രയേറെ വർധിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യമാണ് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് .
പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമെല്ലാം ഇവയെ തുരത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഡിഎംഒ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന കളക്ടറുടെ ഉറപ്പിലാണ് നാട്ടുകാരുടെ പ്രതീക്ഷ.