"അയാളൊരു ഭ്രാന്തനാണ്"; യുഎസിൽ ട്രംപിനെതിരെ പ്രതിഷേധം കനക്കുന്നു

ജനങ്ങൾക്കിടയിലും മറ്റ് രാജ്യങ്ങൾക്കിടയിലും ഭിന്നത വളർത്തുന്ന നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകളാണ് തെരുവുകളിൽ അണിനിരന്നത്
"അയാളൊരു ഭ്രാന്തനാണ്"; യുഎസിൽ ട്രംപിനെതിരെ പ്രതിഷേധം കനക്കുന്നു
Published on

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം. ജനങ്ങൾക്കിടയിലും മറ്റ് രാജ്യങ്ങൾക്കിടയിലും ഭിന്നത വളർത്തുന്ന നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകളാണ് തെരുവുകളിൽ അണിനിരന്നത്. ട്രംപ് രണ്ടാമതും അധികാരത്തിലേറിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണിത്.

സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കൽ മുതൽ വ്യാപാര താരിഫ് കുറയ്ക്കൽ, പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കൽ, തുടങ്ങിയ ട്രംപിൻ്റെ നയങ്ങൾക്കെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. വാഷിംഗ്ടൺ, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലോസ് ഏഞ്ചൽസ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാർ റാലി നടത്തുകയും അവരുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

കൊളറാഡോയിലെ ഡെൻവറിൽ സംഘടിച്ച പ്രതിഷേധക്കാരിൽ ഒരാൾ "യുഎസ്എയ്ക്ക് രാജാവ് വേണ്ട" എന്നെഴുതിയ ഒരു പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു. അവർ നമ്മളെ ഒരു ആഗോളമാന്ദ്യത്തിലേക്ക് തള്ളിവിടാൻ പോകുകയാണ്, പ്രതിഷേധക്കാർ ആരോപിച്ചു. ട്രംപ് രാജ്യത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും പ്രതിഷേധക്കാർ ആരോപണം ഉയർത്തി.

വാഷിങ്ടണിൽ നടന്ന റാലിയിൽ 20,000പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നാണ് സംഘാടകർ പറയുന്നത്. യുഎസ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണികളിൽ വൻ ഇടിവാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ രേഖപ്പെടുത്തിയത്. ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്കെതിരെ ആഗോളതലത്തിൽ എതിർപ്പ് ഉയർന്നിട്ടും വൈറ്റ് ഹൗസ് പ്രതിഷേധങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചത്.

"യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വരുന്ന, വൻതോതിൽ പണം നിക്ഷേപിക്കുന്ന, നിരവധിയായ നിക്ഷേപകരോട്, എന്റെ നയങ്ങളിൽ ഒരിക്കലും മാറ്റമുണ്ടാകില്ല. എന്നത്തേക്കാളും സമ്പന്നരാകാൻ ഇത് ഒരു മികച്ച സമയമാണ്!!!" എന്നാണ് ട്രംപിൻ്റെ പ്രതികരണം. രാജ്യത്തെ വ്യവസായങ്ങൾ വളരാൻ പോകുന്നുവെന്നും വിപണി കുതിച്ചുയരാൻ പോകുകയാണെന്നുമാണ് ട്രംപിന്റെ അവകാശവാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com