
സൈബർ തട്ടിപ്പിൻ്റെ ഒരു പുതിയ രീതിയായി മാറുകയാണ് ഡിജിറ്റൽ അറസ്റ്റുകൾ. ഇത്തരം തട്ടിപ്പുകളുടെ പല രൂപവ്യത്യാസങ്ങളും സമീപകാലത്ത് നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് പുറത്തുവരികയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന്.
ഇൻഡോറിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ആറ്റോമിക് എനർജിക്ക് കീഴിലുള്ള രാജാ രാമണ്ണ അഡ്വാൻസ്ഡ് ടെക്നോളജി സെൻ്ററിലെ ശാസ്ത്രജ്ഞനാണ് ഇത്തവണ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായത്. 71 ലക്ഷം രൂപയാണ് ശാസ്ത്രജ്ഞനിൽ നിന്നും സംഘം തട്ടിയെടുത്തത്.
സെപ്തംബർ ഒന്നിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡൽഹിയിൽ നിന്ന് ഇയാളുടെ പേരിൽ നൽകിയ സിം കാർഡ് വഴി നിയമവിരുദ്ധമായ പരസ്യങ്ങളും സ്ത്രീപീഡനവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പലർക്കും എത്തിയിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഇയാൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പറഞ്ഞായിരുന്നു തട്ടിപ്പ്.
ഇതോടൊപ്പം സംഘത്തിലെ മറ്റൊരു അംഗം സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ശാസ്ത്രജ്ഞനെയും ഭാര്യയെയും വീഡിയോ കോളിലൂടെ ചോദ്യം ചെയ്യുകയും ചെയ്തതായി ഇൻഡോർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.