ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾക്ക് നേരെ ഡ്രോണ്‍ ആക്രമണ ഭീഷണി; ഡ്രോണുകൾ പറത്തുന്നതിന് കടുത്ത നിയന്ത്രണം

കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ബെംഗളൂരു വിമാനത്താവള അധികൃതർക്ക് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾക്ക് നേരെ ഡ്രോണ്‍ ആക്രമണ ഭീഷണി; ഡ്രോണുകൾ പറത്തുന്നതിന് കടുത്ത നിയന്ത്രണം
Published on


ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി എയര്‍പോര്‍ട്ട് അധികൃതര്‍. വിമാനത്താവളങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവരെ കണ്ടെത്താൻ എയര്‍പോര്‍ട്ട് അധികൃതര്‍ ഐഎസ്ആർഒയുടെ സഹായത്തോടെ 'ഓപ്പറേഷൻ ഉഡാൻ' ആരംഭിച്ചു.

കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ബെംഗളൂരു വിമാനത്താവള അധികൃതർക്ക് ഇന്നലെ ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി. അതേസമയം, സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ വിമാനത്താവളങ്ങളിലും കേരളത്തിലെ വിമാനത്താവളങ്ങളിലും ആക്രമണം ഉണ്ടാകുമെന്നാണ് ലഭിച്ച ഭീഷണി സന്ദേശം.

ബെംഗളൂരു വിമാനത്താവളത്തിലാണ് ഇ-മെയിൽ സന്ദേശമെത്തിയതെന്നും കേരളത്തിലെ വിമാനത്താവളത്തിലും ആക്രമണം നടത്തുമെന്ന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ സ്വീകരിച്ചതെന്നും തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. അതേസമയം തിരുവനന്തപുരം വിമാനത്താവളം എന്ന് പ്രത്യേകം സന്ദേശത്തിൽ പരാമര്‍ശിക്കുന്നില്ല.



സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ സുരക്ഷാ കമ്മിറ്റി ചേര്‍ന്നു. മുമ്പും വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. അപകടങ്ങൾ ഉണ്ടായില്ലെങ്കിലും അധികൃതർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാറുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com