
ഡൽഹി നോയിഡയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിലിടിഞ്ഞു വീണ് മൂന്ന് കുട്ടികൾ മരിച്ചു. പരിക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരമാണ്. കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ഡൽഹി നോയിഡയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിലിടിഞ്ഞ് വീണത്.
ഗ്രേറ്റർ നോയിഡയിലെ ദാദ്രി മേഖലയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ 8 കുട്ടികളെ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് കണ്ടെത്തി. അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ഇരകൾക്ക് സാമ്പത്തിക സഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഗൗതം ബുദ്ധ് നഗർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അതുൽകുമാർ പറഞ്ഞു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, ഡൽഹി സഫ്ദർജംഗ് മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 228.1 മില്ലിമീറ്റർ മഴ പെയ്തിട്ടുണ്ട്. 1936 ന് ശേഷം ജൂണ്‍ മാസത്തില്‍ 24 മണിക്കൂറിനിടെ ഡൽഹിയില്‍ പെയ്യുന്ന ഏറ്റവും ഉയർന്ന മഴയാണിത്.