

തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ സ്ഫോടനം. ഒമ്പത് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പൊന്നമ്മാള്‍ നഗറിലെ കാര്‍ത്തിക് എന്നയാളുടെ ഇരുനില കെട്ടിടത്തില്‍ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ കുട്ടി വീടിൻ്റെ മുൻവശത്തെ തെരുവിൽ കളിക്കുകയായിരുന്നു.
ഗോഡൗണിൽ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചതായാണ് പ്രാഥമിക നിഗമനം. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു. അഞ്ചോളം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. തിരുപ്പൂർ സ്വദേശി കുമാർ, ഒമ്പത് മാസം പ്രായമുള്ള ആലിയ ഷെറിൻ എന്നിവര്‍ക്കൊപ്പം തിരിച്ചറിയാത്ത ഒരു സ്ത്രീയുടെയും മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തി.
കെട്ടിടത്തിന്‍റെ ഒരു ഭാഗം പലചരക്ക് കട നടത്താന്‍ സെല്‍വി എന്ന സ്ത്രീയ്ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവരുടെ ഭാര്യ സഹോദരനായ ശരവണകുമാര്‍ ഈ മുറിയില്‍ ക്ഷേത്ര ഉത്സവങ്ങളില്‍ ഉപയോഗിക്കാനുള്ള പടക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. 2023 ല്‍ ഡിസംബറില്‍ ഇയാളുടെ ലൈസന്‍സിന്‍റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ നമ്പിയൂരില്‍ ഉണ്ടായിരുന്ന നിര്‍മാണ ശാല അടച്ചുപൂട്ടി. തുടര്‍ന്ന് പൊന്നമ്മാള്‍ നഗറിലെ വീട്ടില്‍ അനധികൃതമായി ഇയാള്‍ പടക്കം ഉണ്ടാക്കുകയായിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം. സംഭവത്തില്‍ ശരവണ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുപ്പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ലക്ഷ്മി പറഞ്ഞു.