മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ

മരിച്ചവരിൽ രണ്ടുപേർ ഏറ്റുമുട്ടലിലും ഒരാൾ വെടിവെയ്പ്പിലുമാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ
Published on

പശ്ചിമ ബംഗാൾ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധത്തിനിടെ സംഘർഷം. മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടുപേർ ഏറ്റുമുട്ടലിലും ഒരാൾ വെടിവെയ്പ്പിലുമാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഘർഷം മൂർച്ഛിച്ചതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.


പശ്ചിമ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് മുർഷിദാബാദ്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു തരത്തിലുള്ള ഗുണ്ടായിസവും വെച്ചുപൊറുപ്പിക്കില്ലെന്നും മനുഷ്യജീവൻ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഡിജിപി രാജീവ് കുമാർ പറഞ്ഞു.

സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലാണ് ഉത്തരവ്. അക്രമം ഏറ്റവും കൂടുതൽ ബാധിച്ച മുർഷിദാബാദ് ജില്ലയിൽ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തുകയും ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

അക്രമം കനത്തത്തോടെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഇതോടെ ജനങ്ങളോട് സംയമനം പാലിക്കാൻ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് വേണ്ടി കലാപത്തെ പ്രേരിപ്പിക്കരുതെന്നും കേന്ദ്രസർക്കാരാണ് വഖഫ് നിയമത്തിന് പിന്നിലെന്നും മമത എക്സിൽ കുറിച്ചു.

അതേസമയം, സുതിയിലെ കലാപത്തെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ ആൺകുട്ടിക്ക് പരിക്കേറ്റു. ഈ കുട്ടിയെ ചികിത്സയ്ക്കായി കൊൽക്കത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി വലിയ പ്രതിഷേധമാണ് വഖഫ് നിയമത്തിനെതിരായി ഉയരുന്നത്. വഖഫ് ഭേദഗതി നിയമം ഏപ്രിൽ എട്ട് മുതലാണ് പ്രാബല്യത്തിൽ വന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com