നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം; വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തും കോഴിക്കോടുമാണ് സമാന സാഹചര്യത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായത്
നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം;  വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
Published on

നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ജില്ലകളിലായി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് സമാന സാഹചര്യത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

തിരുവനന്തപുരത്ത് എംസി റോഡില്‍ കിളിമാനൂര്‍ പുളിമാത്ത് എന്ന സ്ഥലത്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മിനി ലോറിക്കു പിന്നില്‍ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന പുളിമാത്ത് സ്വദേശികളായ രഞ്ചു(36), അനി (40) എന്നിവരാണ് മരിച്ചത്.


കനത്ത മഴയെ തുടര്‍ന്ന് റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോഡ് കയറ്റിയ മിനി ലോറിയുടെ പുറകില്‍ കാരേറ്റ് ഭാഗത്തു നിന്നും വന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പന്നിക്കാട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. മുക്കം ഭാഗത്തു നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അശ്വിന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അശ്വിനൊപ്പമുണ്ടായിരുന്നയാള്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

എറണാകുളം കളമശ്ശേരിയില്‍ ഉണ്ടായ മറ്റൊരു വാഹനാപകടത്തില്‍ നിയന്ത്രണംവിട്ട കാര്‍ രണ്ട് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. പരുക്കേറ്റ ബൈക്ക് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com