ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദംഗ മിഷൻ സിഇഒ ഉൾപ്പടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദംഗ മിഷൻ സിഇഒ ഉൾപ്പടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Published on


കലൂരിൽ ഉമ തോമസ് എംഎൽഎ വീണ് പരുക്ക് പറ്റിയ സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാജ്കുമാർ അറിയിച്ചു. മൃദംഗ മിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. മൂന്ന് പേരും ഇന്ന് രാത്രി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ തുടരുമെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

സംഭവത്തിൽ സംഘാടകരും ഇവൻ്റ് മാനേജ്മെന്റും മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ നേരത്തെ പറഞ്ഞിരുന്നു. പരിപാടിക്കായി സംഘാടകർ അനുമതി എടുത്തോ എന്ന് അന്വേഷിക്കുകയാണ്. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ജിസിഡിഎ) 24 നിർദേശങ്ങൾ നൽകിയിരുന്നു. ഇതിൽ പലതും പാലിക്കപ്പെട്ടിട്ടില്ല. പരിപാടിക്കായി 43 പൊലീസുകാരെ വിന്യസിച്ചിരുന്നു. 150 വാളണ്ടിയർമാരും ഉണ്ടായിരുന്നു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. അനുമതി വാങ്ങാത്തത് ശരിയല്ലെന്നും കൊച്ചി പൊലീസ് കമ്മീഷണർ അറിയിച്ചിരുന്നു.

അതേസമയം, മൃദംഗനാദം മൃദംഗവിഷൻ പരിപാടിയുടെ പേരിൽ നടത്തിയത് കൊള്ള പിരിവെന്ന് കണ്ടെത്തൽ. ഒരു കോടിയിലധികം രൂപയാണ് പരിപാടിയുടെ പേരിൽ സംഘാടകർ പിരിച്ചത്. ഓരോ കുട്ടികളിൽ നിന്നും 3,600 രൂപ വാങ്ങിയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ടിക്കറ്റ് നിരക്കായി കാഴ്ചക്കാരിൽ നിന്ന് ഈടാക്കിയത് 140 മുതൽ 300 വരെ. സർക്കാർ പരിപാടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com