വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്റ്റ്, വിട്ടുകിട്ടാൻ മോചനദ്രവ്യം; യുപിയിൽ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചത് ഒരുവർഷം!

പ്രതികളായ പൊലീസുകാർ അറസ്റ്റ് ചെയ്ത പുതിയ ഇരയുടെ മകനോട് രണ്ടു വട്ടം മോചനദ്രവ്യം ആവശ്യപ്പെട്ടു
വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്റ്റ്, വിട്ടുകിട്ടാൻ മോചനദ്രവ്യം; യുപിയിൽ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചത് ഒരുവർഷം!
Published on


ഉത്തർപ്രദേശിൽ മൂന്ന് പൊലീസുകാർ ചേർന്ന് വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചത് ഒരുവർഷം. ബറെയ്‌ലിയിലെ ഒരു റബർ ഫാക്ടറിക്ക് സമീപമാണ് ലോക്കപ്പ് സജ്ജീകരണത്തോടെ സ്റ്റേഷൻ പ്രവർത്തിപ്പിച്ചത്. കസ്ബ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് വിന്യസിച്ച പൊലീസുകാരാണ് പ്രതികൾ. വ്യാജ കുറ്റങ്ങൾ ചുമത്തി ആളുകളെ തടവിലാക്കുകയും, മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴി‍ഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളായ പൊലീസുകാർ അറസ്റ്റ് ചെയ്ത പുതിയ ഇരയുടെ മകനോട് രണ്ടു വട്ടം മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്താകുന്നത്.

പ്രതികളായ പൊലീസുകാരായ സബ് ഇൻസ്പെക്ടർ ബൽബീർ സിംഗ്, കോൺസ്റ്റബിൾമാരായ ഹിമാൻഷു തോമർ, മോഹിത് കുമാർ എന്നിവർ ബിതൗര ഗ്രാമത്തിലെ ഒരു കർഷകന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും, മയക്കുമരുന്നും നിയമവിരുദ്ധമായി തോക്കുകളും കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. തെളിവിനായി ഇവർ കർഷകന്റെ മകന്റെ അരികിലെ കസേരയിൽ തോക്ക് വച്ച് വീഡിയോ ചിത്രീകരിക്കുകയും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയും ചെയ്തു.


"എന്റെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായ മയക്കുമരുന്നുകളും ആയുധങ്ങളും വിൽക്കുന്നുണ്ടെന്ന് പറഞ്ഞു. അവർ വീട് കൊള്ളയടിച്ചു, എന്നെ റബ്ബർ ഫാക്ടറിയിലേക്ക് കൊണ്ടുപോയി ലോക്കപ്പിൽ ഇട്ടു. അത് യഥാർത്ഥ പോലീസ് സ്റ്റേഷൻ അല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല എന്നും കർഷകൻ പറഞ്ഞു.


"അവർ എന്റെ കുടുംബത്തിൽ നിന്ന് ₹ 2 ലക്ഷം ആവശ്യപ്പെട്ടു, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് അവർക്ക് നൽകി. പക്ഷേ അവർ എന്നെ വിട്ടയച്ചില്ല, വീണ്ടും പണം ആവശ്യപ്പെട്ടു. അപ്പോഴാണ് എന്റെ മകൻ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിപ്പിച്ചത്" കർഷകൻ പറഞ്ഞു.

അതേസമയം, മൂന്ന് പ്രതികളും ഒളിവിൽ പോയതായി സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫത്തേഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള കസ്ബ ചൗക്കിയിലെ ഓഫീസർ-ഇൻ-ചാർജ് ഒരാളെ കസ്റ്റഡിയിലെടുത്ത് പണം ആവശ്യപ്പെട്ടതായി വിവരം ലഭിച്ചു. ഇവർ കസ്റ്റഡിയിലെടുത്ത വ്യക്തിയെ കണ്ട് മൊഴിയെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമിച്ചു കടക്കൽ, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മൂവരെയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ആര്യ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com