'സജീറിനെ അറിയുമോ?' ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ മൂന്ന് ചോദ്യങ്ങൾ

32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം എസിപി സി. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള നോർത്ത് പൊലീസ് നടനെ ചോദ്യം ചെയ്യാനായി തയാറാക്കിയത്
'സജീറിനെ അറിയുമോ?' ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ മൂന്ന് ചോദ്യങ്ങൾ
Published on

മണിക്കൂറുകൾ നീണ്ട പൊലീസ് ചോദ്യം ചെയ്യലിൽ ഉത്തരംമുട്ടിയും മലക്കം മറിഞ്ഞും നടൻ ഷൈൻ ടോം ചാക്കോ. ഒടുവിൽ ലഹരി ഉപയോ​ഗിക്കാറുണ്ടെന്ന് നടൻ പൊലീസിനോട് സമ്മതിച്ചു. ഡാൻസാഫ് സംഘം എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത് ഭയന്നിട്ടാണെന്നും ആ ദിവസം ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം എസിപി സി. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള നോർത്ത് പൊലീസ് നടനെ ചോദ്യം ചെയ്യാനായി തയാറാക്കിയത്. ഇതിൽ മൂന്ന് ചോദ്യങ്ങളാണ് നടനെ കുരുക്കിലാക്കിയത്.



ഡ്ര​ഗ് ഡീലറായ സജീറിനെ അറിയാമോ എന്ന ചോദ്യത്തിന് അറിയാം എന്നായിരുന്നു ഷൈനിന്റെ മറുപടി. എങ്ങനെ അറിയാമെന്നും എന്തിനാണ് സജീറിന് പണം നൽകിയതെന്നുമായിരുന്നു അടുത്ത ചോദ്യം. സജീർ സുഹൃത്താണെന്നും പണം നൽകിയിട്ടില്ലെന്നും നടന്റെ മറുപടി. ഷൈൻ പൊലീസിനെ കണ്ട് ഇറങ്ങി ഓടിയ ദിവസം മാത്രം ലഹരി ഇടപാടുകാരനായ സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ മുൻനിർത്തിയായിരുന്നു അടുത്ത ചോദ്യം. ഇതോടെ ഷൈനിന് ഉത്തരം മുട്ടി.


അളവിൽ അധികം മെത്താഫെറ്റമിൻ ഉപയോഗിച്ചിരുന്നതായാണ് ഷൈൻ പൊലീസിന് നൽകിയ മൊഴി. ലഹരി ഉപയോഗം വർധിച്ചപ്പോൾ കൂത്താട്ടുകുളത്തെ ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരം 10 ദിവസത്തിനകം അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു. ഡാൻസാഫ് സംഘം എത്തിയപ്പോൾ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. സിനിമാ മേഖലയിൽ തനിക്ക് ശത്രുക്കളുണ്ട്. അവർ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഷൈൻ മൊഴി നൽകി. സജീറുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസ് എടുക്കാൻ തീരുമാനമായത്. സിറ്റി പൊലീസ് അനുമതി നൽകിയതോടെ നടന്റെ അറസ്റ്റും രേഖപ്പെടുത്തി. ഷൈനിനെ ഇന്നുതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിനെ കോടതിയിൽ ഹാജരാക്കില്ല. പകരം, സ്റ്റേഷനിൽ എത്തിച്ച് വിട്ടയയ്ക്കും.


Also Read: ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ



റെയ്ഡ് നടന്ന രാത്രി ഉണ്ടായ സംഭവങ്ങൾ ഇഴകീറി പരിശോധിക്കും വിധമാണ് പൊലീസ് ചോദ്യങ്ങൾ തയ്യാറാക്കിയത്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഷൈൻ ഈ ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ സന്ദർശിച്ചവരുടെ പട്ടികയും തയാറാക്കിയിരുന്നു. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങൾ, ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങൾ എന്നിവയും പൊലീസ് ശേഖരിച്ചിരുന്നു. മൂന്ന് ഫോണുകളാണ് ഷൈൻ ഉപയോഗിക്കുന്നത്. ഇതിൽ ഒരെണ്ണം മാത്രമേ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. ഇത് സ്ഥിരം ഉപയോഗിക്കുന്ന ഫോണല്ല എന്ന് പൊലീസിന് സംശയമുണ്ട്.



കഴിഞ്ഞ ബുധനാഴ്ച ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് മുതൽ പൊലീസും വീട്ടുകാരും ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ ഷൈൻ ടോമിൻ്റെ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പക്ഷേ പുതിയ സിനിമയുടെ പോസ്റ്ററുകളും പരസ്യങ്ങളും ഷൈൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെ ഷൈൻ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകി. ഇന്ന് രാവിലെ ആവശ്യപ്പെട്ടതിലും അര മണിക്കൂർ മുമ്പേ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി.

ഇക്കഴിഞ്ഞ പതിനേഴാം തീയതി, ബുധനാഴ്ചയാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് ഷൈൻ പൊലീസിനെ വെട്ടിച്ച് കടന്നത് വൻ വിവാദമായത് പിറ്റേ ദിവസം നടി വിൻസി അലോഷ്യസിൻ്റെ പരാതി പുറത്തുവന്നതോടെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com