മാലിന്യക്കുഴിക്ക് സമീപം ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് അന്വേഷണം; 3 വയസുകാരന്‍ കുഴിയില്‍ വീണത് ആരുമറിഞ്ഞില്ല

വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്
മാലിന്യക്കുഴിക്ക് സമീപം ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് അന്വേഷണം; 3 വയസുകാരന്‍ കുഴിയില്‍ വീണത് ആരുമറിഞ്ഞില്ല
Published on


കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് പരിസരത്തെ മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശി റിഥാൻ ജജു ആണ് മരിച്ചത്. കുട്ടി കുഴിയിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. കുഴിയുടെ സമീപം ചെരുപ്പ് കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത സ്ഥലത്താണ് അപകടം നടന്നത്.


അതേസമയം, സംഭവം അതീവ ദു:ഖകരവും ഖേദകരവുമാണെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു. സിയാൽ അധികൃതർ കുടുംബത്തോടൊപ്പം തന്നെയുണ്ട്. അവർക്കായി എല്ലാ പിന്തുണയും നൽകുന്നുണ്ട്. അവരുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും സിയാൽ അറിയിച്ചു.

വിമാനത്താവളത്തിന് പരിസരത്തുള്ള കഫ്റ്റേരിയയ്ക്ക് സമീപം കാനയുടെ ഭാഗമായ കളക്ഷൻ പിറ്റിലാണ് കുഞ്ഞ് വീണത്. ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്നാ സാറ കഫേയുടെ പിൻഭാഗത്ത്, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്. ഇവിടേയ്ക്ക് നടവഴിയില്ല. ഒരുവശം കെട്ടിടവും മറ്റ് മൂന്നുവശം ബൊഗെയ്ൻ വില്ല ചെടികൊണ്ടുള്ള വേലിയുമാണ്. ഒരു സംഘത്തിന്റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കൾ ഈ പരിസരത്തെത്തിയതെന്നും സിയാൽ വ്യക്തമാക്കി.


കുട്ടിയെ കാണാതായ വിവരം അൽപ്പനേരം കഴിഞ്ഞാണ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിക്കുകയും കുട്ടി, ചെടി വേലി കടന്ന് കുഴിയിൽ വീണതായി തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് സിയാൽ വാഹനത്തിൽ പോലീസ് സാന്നിധ്യത്തിൽ കുട്ടിയെ, അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ എത്തിച്ചു. വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42 ഓടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതായും സിയാൽ പത്രക്കുറിപ്പിൽ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com