പ്രതീക്ഷ തന്നൊടുവില്‍ ചേത്‍ന മടങ്ങി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത മൂന്ന് വയസുകാരി മരിച്ചു
ഒടുവില്‍ പ്രാർഥനകൾ വിഫലമായി. രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരി ചേത്ന മരിച്ചു. പത്ത് ദിവസങ്ങള്‍ നീണ്ട ശ്രമകരമായ രക്ഷാ പ്രവർത്തനങ്ങള്‍ക്കൊടുവില്‍ ചേത്‌നയെ ജീവനോടെയാണ് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടിക്ക് ജീവന്‍ നഷ്ടമായി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു ചേത്‌നയ്ക്കായി നടത്തിയത്. ഡിസംബർ 23 നാണ് കോട്പുത്‌ലി-ബെഹ്‌രര്‍ ജില്ലയിലെ സരുന്ദിലാണ് മൂന്ന് വയസുകാരി ചേത്‌ന 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. ആവശ്യത്തിന് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഴല്‍ക്കിണറില്‍ കുഞ്ഞിന് അതിജീവിക്കാന്‍ കഴിയുമോ എന്നതായിരുന്നു രക്ഷാദൗത്യത്തിലെ ഏറ്റവും വലിയ ആശങ്ക.
എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സേനകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഴല്‍ക്കിണറിന്റെ വീതി കുറഞ്ഞതും ഈര്‍പ്പവും, ചുറ്റുമുള്ള മണ്ണ് അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരുന്നു.