
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ തൃക്കാക്കര എംഎല്‍എ ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. പുതുവത്സരാശംസകള്‍ നേര്‍ന്നതായും ശരീരമാകെ ചലിപ്പിക്കുകയും ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഉമ തോമസ് നിലവിൽ തീവ്രപരിചരണ വിഭാഗം വെൻ്റിലേറ്ററിൽ തുടരുകയാണ്. ആളുകളെ തിരിച്ചറിയുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നതിനാൽ തലക്കേറ്റ പരുക്കിനെക്കുറിച്ച് തൽക്കാലം കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
"ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയിലും നേരിയ പുരോഗതിയുണ്ടെന്നും, വെൻ്റിലേറ്റർ സഹായം കുറച്ചുകൊണ്ടു വരുന്നതിനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗി സ്വയം ശ്വാസമെടുക്കാൻ പ്രാപ്തയാകുന്നതുവരെ വെന്റിലേറ്റർ സഹായം തുടരണമെന്നുള്ള നിർദേശം നൽകിയിട്ടുണ്ട്", ഡോക്ടർമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം 'അമ്മേയെന്ന് വിളിച്ചപ്പോൾ, കണ്ണു തുറന്നെന്ന്', മകൻ വിഷ്ണണു തോമസ് പറഞ്ഞിരുന്നു.
ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.