
ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഇന്നലെ ഭക്ഷ്യവിഷബാധ ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 75 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. കനത്ത പ്രതിഷേധത്തെ തുടർന്നാണ് തൃക്കാക്കരയിലെ എൻസിസി ക്യാംപ് അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഭക്ഷ്യ വിഷബാധയിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ തന്നെയാകാം കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത് എന്ന വിലയിരുത്തലിലാണ് ആരോഗ്യ വിഭാഗം. നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്യാംപിലെത്തി സാമ്പിളുകൾ ശേഖരിച്ചു. കുട്ടികൾക്ക് നൽകിയത് മോശം ഭക്ഷണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു. കുട്ടികൾക്ക് കുടിവെള്ളം നൽകിയില്ലെന്നും ആരോപണമുണ്ട്.
ക്യാംപ് അധികൃതർ കൃത്യമായ വിവരം നൽകിയില്ലെന്നും മതിയായ ചികിത്സ കൊടുത്തില്ല എന്ന് ആരോപിച്ച് രക്ഷിതാക്കളും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. കൃത്യമായി പരേഡ് ചെയ്തില്ലെങ്കിൽ ക്രൂരമായ ശിക്ഷയാണ് ക്യാംപിൽ നൽകിയിരുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ശരിയായ വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപിച്ച് തിങ്കളാഴ്ച രാത്രി രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. രക്ഷിതാക്കൾ അല്ലാത്തവരും കോളേജിനകത്തേക്ക് ഇടിച്ചുകയറിയത് തിങ്കളാഴ്ച രാത്രി സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃക്കാക്കര എംഎൽഎ ഉമാ തോമസ് ഇടപെട്ടാണ് രക്ഷിതാക്കളെ അനുനയിപ്പിച്ചത്. ഉമ തോമസ് എൻസിസി ക്യാംപിലുള്ള കുട്ടികളുമായി സംസാരിച്ചു.
എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ 600ഓളം കുട്ടികളാണ് പങ്കെടുത്തത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. കൃത്യമായി പരേഡ് ചെയ്തില്ലെങ്കിൽ ക്രൂരമായ ശിക്ഷയാണ് ക്യാംപിൽ നൽകിയിരുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ പരേഡിലുള്ള കുട്ടികളെ മർദ്ദിച്ചിട്ടില്ലെന്ന് ഒരു വിഭാഗം സീനിയർ വിദ്യാർത്ഥികൾ പ്രതികരിച്ചു. എൻസിസിയുടെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചെറിയ ശിക്ഷ മാത്രമേ നൽകിയിട്ടുള്ളൂ.