തൃശൂർ എടിഎം കവർച്ച: പ്രതികൾ പഴയ മെഷീനുകൾ വാങ്ങി പരിശീലനം നടത്തി; അന്വേഷണ പുരോഗതി വിശദീകരിച്ച് കമ്മീഷണർ

തൃശൂരില്‍ ഇന്ന് രാവിലെ മൂന്നിടത്താണ് എടിഎമ്മുകൾ തകർത്ത് പണം കവർന്നത്
തൃശൂർ എടിഎം കവർച്ച: പ്രതികൾ പഴയ മെഷീനുകൾ വാങ്ങി പരിശീലനം നടത്തി; അന്വേഷണ പുരോഗതി വിശദീകരിച്ച് കമ്മീഷണർ
Published on

തൃശൂർ എടിഎം കവർച്ചയില്‍ അന്വേഷണ പുരോഗതി വിശദീകരിച്ച് തൃശൂർ പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ. അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കേരള പൊലീസിന്‍റെ അന്വേഷണത്തിൽ അഞ്ചും തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിൽ ഏഴും പ്രതികളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണർ മാധ്യമങ്ങളെ അറിയിച്ചു. തൃശൂരില്‍ ഇന്ന് രാവിലെ മൂന്നിടത്താണ് എടിഎമ്മുകൾ തകർത്ത് പണം കവർന്നത്. പുലർച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയില്‍ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച.

Also Read: തൃശൂരില്‍ വന്‍ ATM കൊള്ള: മൂന്ന് എടിഎമ്മുകളില്‍ നിന്നായി കൊള്ളയടിച്ചത് 65 ലക്ഷം രൂപ, മോഷണം ഗ്യാസ് കട്ടർ ഉപയോഗിച്ച്

കവർച്ച വിവരം ലഭിക്കുന്നത് പുലർച്ചെ 2:10നാണ്. തുടർന്ന്, എസ്ബിഐ കൺട്രോൾ റൂം വഴി തൃശൂർ റൂറൽ പൊലീസിന് ലഭിച്ച വിവരം സിറ്റി പൊലീസിനും കൈമാറി. പുലർച്ചെ 3:10നാണ് ഷൊർണൂർ റോഡിലെ കവർച്ച നടന്നത്. 4നാണ് കോലാഴിയിൽ കവർച്ച നടന്നതായി വിവരം ലഭിക്കുന്നത്. എറണാകുളം പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണമെന്നും കമ്മീഷണർ പറഞ്ഞു. ഈറോഡ്, സേലം, കൃഷ്ണഗിരി, നാമക്കൽ, ഹരിയാനയിലെ മേവത് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘത്തിന്‍റെ രീതിയുമായി സാമ്യം തോന്നി.

2021ൽ കണ്ണൂർ കണ്ണപുരത്തും സമാന രീതിയിൽ പ്രവർത്തി നടത്തിയിരുന്നതായി ഇളങ്കോ കൂട്ടിച്ചേർത്തു. കണ്ടെയ്നർ ലോറിയിൽ കാർ കടത്തുന്നത് അന്നും നടന്നിരുന്നിരുന്നു. ചരക്ക് ഇറക്കുന്നതിനായി കേരളത്തിലേക്ക് എത്തിയതിനുശേഷം തിരിച്ചു പോകുമ്പോൾ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് കമ്മീഷണർ വിശദീകരിച്ചു. പ്രതികളെ പിടികൂടിയത് തമിഴ്നാട്ടില്‍ നിന്നായതിനാല്‍ ജുഡീഷ്യൽ നടപടികൾ പൂർത്തീകരിച്ചശേഷം മാത്രമേ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാകുവെന്നും ഇളങ്കോ വ്യക്തമാക്കി. ഇരിങ്ങാലക്കുടയിൽ നിന്ന് 33 ലക്ഷത്തിൽ പരം രൂപ, തൃശൂർ ഈസ്റ്റ് പൊലീസ് പരിധിയില്‍ നിന്നും ഒമ്പത് ലക്ഷം, സ്റ്റേഷൻ പരിധിയിലുളള മറ്റിടങ്ങളില്‍ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തിൽപരം രൂപ എന്നിങ്ങനെയാണ് കവർച്ചയില്‍ നഷ്ടമായതായാണ്.

Also Read: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, നാട്ടുകാരുടെ ഇടപെടല്‍ വഴിത്തിരിവായി; എടിഎം കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയിലായത് ഇങ്ങനെ


കടപ്പയിലും കൃഷ്ണഗിരിയിലും മുൻപ് കവർച്ച നടത്തിയത് ഇതേ സംഘങ്ങൾ ആണെന്നുള്ള സൂചന ലഭിച്ചിട്ടുണ്ട്. പഴയ എടിഎം മെഷിനുകൾ വാങ്ങി കൃത്യമായി പരിശീലനം നടത്തിയാണ് പ്രതികൾ കവര്‍ച്ചയ്ക്കെത്തിയത്. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ കാർ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് കമ്മീഷണർ അറിയിച്ചു. മാപ്രാണത്ത് ആദ്യ കവർച്ച നടക്കുമ്പോൾ തന്നെ പൊലീസ് സംവിധാനത്തിന് അലേർട്ട് ലഭിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും നടന്ന കണ്ടെയ്നർ ലോറികളുടെ പരിശോധനകളും നിർണായകമായെന്നും തൃശൂർ കമ്മീഷണർ പറഞ്ഞു.

ഇന്ന് രാവിലെ 8.30ന് നാമക്കലിലെ വേപ്പടിയില്‍ രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ഒരു കണ്ടെയ്നർ പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം പിടിയിലായത്. രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കണ്ടെയ്നർ തടഞ്ഞ നാട്ടുകാരും യാത്രികരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതോടെ സേലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് തൃശൂരിൽ കവർച്ചയ്ക്ക് ഉപയോ​ഗിച്ച കാറും പണവും എടിഎം മെഷീന്‍ പൊളിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും അകത്ത് നിന്നും കണ്ടെത്തിയത്. പ്രതികളില്‍ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com