
തൃശൂർ ചാലക്കുടിയിൽ ജീവനക്കാരെ ബന്ദിയാക്കി നടന്ന ബാങ്ക് മോഷണത്തിൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ബാങ്കിൽ നിന്നും മോഷണം പോയത് 15 ലക്ഷം രൂപയാണ്. പ്രതിക്കായി ഇന്ത്യയിൽ മുഴുവൻ പരിശോധന നടത്തുമെന്ന് റൂറൽ എസ്പി ബി. കൃഷ്ണ കുമാർ അറിയിച്ചു.
മോഷണം നടക്കുമ്പോൾ ബാങ്കിലുണ്ടായിരുന്നത് 47 ലക്ഷം രൂപയാണ്. അതിൽ മൂന്ന് ബണ്ടിലാണ് മോഷണം പോയതെന്നും എസ്പി പറഞ്ഞു. 2.12. നാണ് പ്രതി പോട്ട ഫേഡറൽ ബാങ്കിന്റെ ശാഖയിലേക്ക് വന്നത്. ഇയാൾ ഹിന്ദിയിലാണ് സംസാരിച്ചത്. ആ സമയത്ത് പ്യൂൺ മാത്രമാണ് ഉണ്ടായിരുന്നതെന്നും റൂറൽ എസ്പി അറിയിച്ചു. പ്രതിയുടെ വാഹനത്തെ കുറിച്ച് അറിവുണ്ടെന്നും എവിടേക്കാണ് പോയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ബാങ്കിൽ വന്നപ്പോൾ ഇയാള്‍ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളൂ. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ പണം സൂക്ഷിച്ച സ്ഥാപനത്തിലാണ് കവർച്ച നടന്നതെന്നും അതുകൊണ്ട് തന്നെ മോഷണത്തെ ഗൗരവത്തോടെ എടുക്കുന്നുവെന്നും റേഞ്ച് ഡിഐജി എസ്. ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി പറയാനാകില്ല. പ്രതി ഹിന്ദി സംസാരിച്ചത് കൊണ്ട് മലയാളി അല്ലെന്ന് പറയാനാവില്ല. ചിലപ്പോൾ അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള നീക്കവുമാകാമെന്ന് ഡിഐജി നിരീക്ഷിച്ചു.
തൃശൂർ ചാലക്കുടിയിലെ ഫെഡറൽ ബാങ്കിൻ്റെ പോട്ട ശാഖയിൽ ജീവനക്കാരെ കത്തിമുനയിൽ നിർത്തിയായിരുന്നു വൻ കവർച്ച. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ജീവനക്കാരിൽ ഏറെയും ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സ്കൂട്ടറിൽ മുഖം മറച്ചെത്തിയ മോഷ്ടാവ് 15 ലക്ഷം കൊള്ളയടിച്ചത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്ക്വാഡും ഫോറൻസിക് സംഘവുമെത്തി ബാങ്കിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ജീവനക്കാരുടെ പ്രാഥമിക മൊഴികളും പൊലീസ് രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തിൻ്റെ സമയം നോക്കി ബാങ്കിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തി ആസൂത്രിതമായാണ് കവർച്ച നടത്തിയത്. ബാങ്കും പരിസരവും നന്നായറിയുന്ന, ബാങ്കിൻ്റെ ഉൾവശത്തെപ്പറ്റിയും ധാരണയുള്ളയാൾ തന്നെയാകണം മോഷ്ടാവെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾക്കായി ഹോട്ടലുകൾ, ലോഡ്ജുകൾ, ചെക്പോസ്റ്റുകൾ, ബസ്, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുന്നു. സമീപ ജില്ലകളിലും വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്.