നിള ബോട്ട് ക്ലബ്ബിൻ്റെ അനധികൃത സർവീസ്: നിയമപദേശം തേടുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ

തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു
നിള ബോട്ട് ക്ലബ്ബിൻ്റെ അനധികൃത സർവീസ്: നിയമപദേശം തേടുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ
Published on

തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് നിള ബോട്ട് ക്ലബ് സർവീസ് നടത്തുന്നതിൽ ഇടപെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിയമപദേശം തേടുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്മീഷണർ അറിയിച്ചു. മാർച്ച് 31 വരെ കനാൽ വകുപ്പിൻ്റെ ലൈസൻസ് ഉണ്ടെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബോട്ട് ക്ലബ് അധികൃതർ അവകാശപ്പെട്ടത്. ഇറിഗേഷൻ വകുപ്പിൻ്റെ അനുമതി ഇല്ലെന്നും നെൽപ്പാടം നികത്തിട്ടുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.



നിള ബോട്ട് ക്ലബിൻ്റെ അനധികൃത പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് യു.ആർ പ്രദീപ് എംഎൽഎയും അറിയിച്ചിരുന്നു. അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനവും അനുവദിക്കില്ലെന്ന് എംഎൽഎ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ അതിനെ മറികടന്ന് കൊണ്ട് സർവീസ് വീണ്ടും ആവർത്തിക്കപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചു. തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരുമായി വീണ്ടും സംസാരിച്ചുവെന്നും എംഎൽഎ അറിയിച്ചു.



സ്റ്റോപ് മെമ്മോ നൽകിയിട്ട് ബോട്ട് സർവീസ് പുനരാരംഭിച്ചു എന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. റവന്യു, കൃഷി, ഇറിഗേഷൻ വകുപ്പുകൾ പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.എന്നാൽ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില നൽകികൊണ്ടാണ് അധികൃതർ വീണ്ടും ബോട്ട് സർവീസ് നടത്തുന്നത്.



മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ബോട്ട് സർവീസ് നടത്തിയതിന് നിള ബോട്ട് ക്ലബിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ൽപ്പാടം മണ്ണിട്ട് നികത്തിയും ഭാരതപ്പുഴ കയ്യേറിയും പ്രവർത്തനം തുടരുന്ന ബോട്ട് ക്ലബ്ബിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.

പാലക്കാട് ഷൊർണ്ണൂർ നഗരസഭയുടെയും തൃശൂർ വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും അതിർത്തിയിൽ ഭാരതപ്പുഴ കയ്യേറിയും നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തിയുമാണ് നിള ബോട്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്. പാഞ്ഞാൾ സ്വദേശി ശിവശങ്കരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ബോട്ട് ക്ലബിനായി രണ്ട് എക്കർ 27 സെന്റ് നെല്ല് വയലും റവന്യൂ പുറമ്പോക്ക് തോടും നികത്തിയെടുത്തിരുന്നു. ഭാരതപ്പുഴ കൈയ്യേറി നിർമിച്ച ഹോട്ടലിനും കുട്ടികളുടെ പാർക്കിനും പഞ്ചായത്തിന്റെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയില്ല.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com