
തൃശൂർ മേയർ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ചു. മേയർ എം.കെ. വർഗീസിൻ്റെ രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സിപിഎം ജില്ലാ സെക്രട്ടറിയെ അറിയിച്ചു. എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ മേയർക്കുള്ള പിന്തുണ പിൻവലിക്കുമെന്നും വത്സരാജ് അറിയിച്ചതായി സൂചനയുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസുമായി ശനിയാഴ്ചയാണ് വത്സരാജ് കൂടിക്കാഴ്ച നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിർദേശ പ്രകാരമാണ് ഇരുപാർട്ടികളും തമ്മിൽ വീണ്ടും വിഷയം ചർച്ച ചെയ്തത്. എം.വി. ഗോവിന്ദനെ തിരുവനന്തപുരത്ത് എത്തി നേരിൽ കണ്ട എം.എം. വർഗീസ്, മേയർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. മേയർ രാജിവെച്ചാൽ കോർപ്പറേഷൻ ഭരണം നഷ്ടമാകുമെന്നും നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്നുമാണ് വർഗീസ് സംസ്ഥാന സെക്രട്ടറിയെ അറിയിച്ചത്.
തൃശൂർ മേയർ എം.കെ. വർഗീസ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു എന്ന ആരോപണവുമായി എൽഡിഎഫ് നേരത്തെ രംഗത്തു വന്നിരുന്നു. വി.എസ്. സുനിൽ കുമാറാണ് വിഷയത്തിൽ ആദ്യമായി മേയർക്കെതിരെ തുറന്നടിച്ചത്. ഇതിന് പിന്നാലെ മറ്റ് ഇടതുപക്ഷ നേതാക്കളും സമാനമായ ആരോപണങ്ങളുന്നയിച്ചു. തുടർന്ന്, തൃശൂർ മേയർ എം.കെ. വർഗീസ് രാജിവെക്കണമെന്നും മേയർക്ക് ഭൂരിപക്ഷം നഷ്ടമായെന്നും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ആവശ്യപ്പെട്ടിരുന്നു.