
തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് ആരോപണം. സ്ഫോടക വസ്തുക്കളോ പെട്രോളിയം ഉത്പന്നങ്ങളോ കാരണം ഉണ്ടാകുന്ന തീപിടിത്തത്തിന് സമാനമായാണ് അഗ്രശാലയിൽ തീപടർന്നു പിടിച്ചതെന്നാണ് പാറമേക്കാവ് ദേവസ്വം ആരോപിക്കുന്നത്.അപകട കാരണം കണ്ടെത്താൻ ഫയർ ഫോഴ്സിനും പൊലീസിനും സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ ദൃശ്യങ്ങളും സംശയം ബലപ്പെടുത്തുന്നതാണ്.
അട്ടിമറി ശ്രമമടക്കം ഉണ്ടായോ എന്ന് അന്വേഷിക്കണമെന്നാണ് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെടുന്നത്. ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ ഇടയുള്ള സാഹചര്യം ഒന്നും അഗ്രശാലയിൽ ഇല്ല , എസിയിലേക്കുള്ള പവർ ഓഫ് ആയിരുന്നു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഉന്നത തലത്തിൽ പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് വ്യക്തമാക്കി. 400 ൽ അധികം ആളുകൾ പ്രദേശത്ത് ഉള്ളപ്പോഴാണ് തീപിടുത്തം ഉണ്ടായത്. അന്വേഷണം നടക്കുന്നതിനിടയിലുള്ള പ്രചാരണങ്ങളെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന നവരാത്രി ആഘോഷങ്ങള്‍ക്കിടെയായിരുന്നു തീപിടിത്തം.
പാറമേക്കാവ് ദേവസ്വത്തിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ശേഖരിച്ച ഫോറൻസിക് തെളിവുകൾ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.