
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടെങ്കിൽ പുറത്തുവിടണമെന്ന് സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാർ. റിപ്പോർട്ട് ലഭിച്ചെന്ന് സ്ഥിരീകരിക്കാവുന്ന വസ്തുതകളൊന്നും ലഭിച്ചിട്ടില്ലെന്നും സുനില്‍ കുമാർ പറഞ്ഞു.
ഞാന്‍ മനസിലാക്കുന്ന കാര്യം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിക്ക് കൊടുത്തിട്ടുണ്ടെന്നാണ്. ആ റിപ്പോർട്ട് ജനങ്ങളും മാധ്യമങ്ങളും അറിഞ്ഞിട്ടില്ല. ആ വിവരം ജനങ്ങള്‍ അറിയട്ടെയെന്നാണ് എന്‍റെ ഉദ്യമം. അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടെങ്കില്‍ പുറത്തുവിടണം എന്ന് പറയാനുള്ള കാരണം അത് ഗൗരവമുള്ള ഒന്നാകുമെന്നുള്ളത് കൊണ്ടാണ്. ആ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും സുനില്‍കുമാർ പറഞ്ഞു. ഇപ്പോഴും തൃശൂർ പൂരം കലക്കിയത് വി.എസ് സുനില്‍ കുമാറാണെന്നാണ് ബിജെപിയും ആർഎസ്എസും പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ വിജയത്തിനു വേണ്ടിയാണ് പൂരം കലക്കിയതെന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നുണ്ട്. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഒരു കക്ഷി ആരാണെന്ന് വ്യക്തമായി. അടുത്ത കക്ഷി ആരാണെന്ന് പുറത്ത് വരട്ടെയെന്നും സുനില്‍കുമാർ കൂട്ടിച്ചേർത്തു.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ സംബന്ധിക്കുന്ന ചോദ്യങ്ങളില്‍ വാർത്തകള്‍ വന്നതു കൊണ്ട് മാത്രം പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് സുനില്‍ കുമാർ പറഞ്ഞു. രാഷ്ട്രീയമായും വ്യക്തിപരമായിട്ടും സർക്കാരിലും ബന്ധപ്പെട്ട സംവിധാനങ്ങളിലും വിശ്വസിക്കുന്നുവെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു. തൃശൂർ പരം അലങ്കോലമായതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയത് എഡിജിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ബ്രാഞ്ചാണ്.
പൂരം നടക്കുന്ന സമയത്ത് എഡിജിപി തൃശൂരുണ്ടായിരുന്നു. വിദ്യാമന്ദിർ ഹാളിൽ വെച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതായി എഡിജിപി സമ്മതിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരം തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സമ്മതിച്ചത്. ഇത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച നടന്നിരുന്നെന്നും അത് മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു.