
തൃശൂർ പൂരം കലക്കിയത് ആർഎസ്എസ് ഫോർമുലയാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാർ. രാത്രി വെടിക്കെട്ട് നടത്താതിരിക്കുകയും പകൽപ്പൂരത്തിന്‍റെ കൂടെ വെടിക്കെട്ട് നടത്താനുള്ള ഒരു നിർദേശമാണ് ബിജെപി മുന്നോട്ടുവെച്ചത്. പകൽപ്പൂരം കൂടി അവതാളത്തിലാക്കാനുള്ള ഫോർമുലകളാണ് അന്ന് ബിജെപി മുന്നോട്ടുവെച്ചത്. 'അടിയൻ രക്ഷിപ്പും' എന്ന നാടകം കണക്കുള്ള കാര്യങ്ങളാണ് അന്ന് നടന്നതെന്നും സുരേഷ് ഗോപിയെ പരിഹസിച്ചു കൊണ്ട് സുനില്‍ കുമാർ കൂട്ടിച്ചേർത്തു.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ ആരോപണങ്ങളെ ചിരിച്ചുതള്ളുന്നുവെന്നും ആർക്കാണ് മാനസിക വിഭ്രാന്തിയെന്ന് നാട്ടുകാർക്ക് അറിയാമെന്നും സുനില്‍ കുമാർ പറഞ്ഞു. തൃശൂർ പൂരം കലക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കവെ ആയിരുന്നു സുനില്‍ കുമാറിനെതിരായുള്ള ഗോപാലകൃഷ്ണന്‍റെ പ്രതികരണം. വി.എസ്. സുനിൽകുമാർ തൃശൂർ പൂരത്തിന്‍റെ അന്തകനായാണ് പ്രത്യക്ഷപ്പെട്ടത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു. സുനിൽ കുമാറിന് മാനസിക വിഭ്രാന്തിയാണ്. അതുകൊണ്ടാണ് പൂരം വിഷയത്തിൽ അൻവർ പറഞ്ഞത് ശരിയാണെന്ന് സമ്മതിച്ചതെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രസ്താവന.
ഗോപാലകൃഷ്ണനെ പറ്റി നന്നായിട്ട് അറിയാവുന്നത് കൊണ്ട് ആർക്കാണ് മാനസിക വിഭ്രാന്തിയെന്നറിയാം. കമ്മീഷണറുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്ണൻ പലതും പറഞ്ഞിട്ടുണ്ട്. അത് പുറത്തു പറയാത്തത് തന്‍റെ രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും സുനില്‍ കുമാർ പറഞ്ഞു.
ALSO READ: "അൻവറിന്‍റെ ആരോപണങ്ങൾ ഇനി ശൂന്യാകാശത്ത് മാത്രമെ ഉണ്ടാകൂ"; എഡിജിപിയെ മാറ്റാന്‍ മുഖ്യ മന്ത്രിക്കാവില്ല: ബി. ഗോപാലകൃഷ്ണന്‍
പൂരം കലക്കിയാൽ രാഷ്ട്രീയമായി ജയിക്കാൻ കഴിയുമെന്നത് ബിജെപിയുടെ ഫോർമുലയാണ്. ആ ഫോർമുല തന്‍റെ തലയിൽ കെട്ടിവെയ്‌ക്കേണ്ട. പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവരരുത് എന്ന ആഗ്രഹം ഗോപാലകൃഷ്ണൻ ഉണ്ടോയെന്നാണ് സംശയമെന്നും സുനില്‍ കുമാർ ആരോപിച്ചു. പൂരം തകർക്കാൻ ഇരുട്ടിന്‍റെ മറവിൽ പ്രവർത്തിച്ചവരുടെ മുഖം പുറത്തുവരുന്നതിൽ ബിജെപി നേതാക്കൾക്ക് എന്തിനാണ് വേവലാതി? പൂരം കലക്കികളുടെ കൂട്ടത്തിൽ ഇടതു നേതാക്കൾ ആരുമുണ്ടാകില്ല. എനിക്കിതിൽ പങ്കില്ലെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന് കൈകഴുകാൻ പറ്റിയ അവസരമാണിതെന്നും സുനില്‍ കുമാർ പറഞ്ഞു.