
തൃശൂർ ചാലക്കുടിയിൽ പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ളയടിച്ച പ്രതി പിടിയിൽ. കവർച്ച നടന്ന് 36 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആൻ്റണിയെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ആഢംബര ജീവിതം നയിക്കുന്നതിനിടെയുണ്ടായ കടബാധ്യത വീട്ടാനാണ് പ്രതി കവർച്ച നടത്തിയത്. പ്രതിയിൽ നിന്നും പത്ത് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആകെ 15 ലക്ഷം രൂപയാണ് പ്രതി മോഷണം നടത്തിയത്. ബാക്കി തുക പ്രതി ചെലവഴിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതായാണ് സൂചന. മോഷണസമയത്ത് പ്രതി തെറ്റിദ്ധരിപ്പിക്കുന്നതിനായി ഹിന്ദിയായിരുന്നു സംസാരിച്ചിരുന്നത്. അത് പ്രതിയുടെ തന്ത്രമാണോ എന്ന് നേരത്തെ പൊലീസിന് സംശയമുണ്ടായിരുന്നു.
ഫെബ്രുവരി 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ പ്രതി ബാങ്ക് കവർച്ച നടത്തിയത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭാഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു. മോഷണം നടന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.