'പഞ്ചാരക്കൊല്ലിയിലേത് നരഭോജി കടുവ, വെടിവെച്ച് കൊല്ലാം'; ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം
'പഞ്ചാരക്കൊല്ലിയിലേത്  നരഭോജി കടുവ, വെടിവെച്ച് കൊല്ലാം'; ഉത്തരവ് പുറത്തിറക്കി
Published on


വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കൽ. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം. 


തുടർച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി കടുവ എന്ന പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയെ കൊലപ്പെടുത്തിയ കടുവ തന്നെ ആണ് ആർആർടി ഉദ്യോഗസ്ഥനെയും ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. കടുവയെ പിടികൂടാനായി കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിക്കും.


പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടെ ആർആർടി അംഗത്തിന് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. കടുവ അക്രമകാരിയാണെന്ന് ഇതോടെ വ്യക്തമായി. വലതുകൈക്ക് പരിക്കേറ്റ ആർആർടി അംഗം ജയസൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താറാട്ട് മേഖലയിൽ രാവിലെ തിരച്ചിൽ നടത്തുന്നതിനിടെയാണ് പിന്നിൽ നിന്ന് കടുവ ജയസൂര്യയെ ആക്രമിച്ചത്.

കടുവയ്ക്ക് വെടിയേറ്റിട്ടില്ലെന്ന് ആശുപത്രി സന്ദർശിച്ച മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി. പരിക്കേറ്റ ജയസൂര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വെടിവെച്ചെങ്കിലും കൊണ്ടില്ല. കടുവ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്താഞ്ഞതോടെയാണ് 80 പേരടങ്ങുന്ന സംഘം തെരച്ചിലിനെത്തിയത്. ഇന്നലെ സന്ധ്യയ്ക്ക് നാട്ടുകാർ കണ്ടുവെന്ന് പറഞ്ഞ സ്ഥലത്തെ പരിശോധനയിലും, കടുവ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ കടുവ വയനാട് ഡാറ്റാ ബേസിൽ ഉള്ളതല്ലെന്ന സംശയവും അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്.


നാഗർഹോള ടൈഗർ റിസർവിനോട് കേരളം കടുവയെ സംബന്ധിച്ച വിവരങ്ങൾ തേടി. കടുവയുടെ ഐഡി ലഭിക്കാത്തത് ദൗത്യത്തിന് തടസമാവുന്നുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 85 അംഗ ടീമാണ് കടുവയെ കണ്ടെത്താൻ പഞ്ചാരക്കൊല്ലി പ്രിയദർശിനിയിൽ ക്യാമ്പ് ചെയ്യുന്നത്. രാവിലെ ഏഴ് മണിയോടെ തെരച്ചിൽ ആരംഭിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com