ഇടുക്കി വണ്ടിപ്പെരിയാറിലെ കടുവയെ മയക്കുവെടി വെച്ചു; വെടിയേറ്റ ശേഷവും ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചു ചാടി കടുവ

ആരോഗ്യനില മോശമായ കടുവയെ ചികിത്സക്കായി പെരിയാർ സങ്കേതത്തിലേക്ക് കൊണ്ടുപോയി
ഇടുക്കി വണ്ടിപ്പെരിയാറിലെ കടുവയെ മയക്കുവെടി വെച്ചു; വെടിയേറ്റ ശേഷവും ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചു ചാടി കടുവ
Published on

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ഗ്രാമ്പിയിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. തേയില തോട്ടത്തിലുണ്ടായിരുന്ന കടുവയെ പ്രത്യേക വനംവകുപ്പ് സംഘമാണ് പിടികൂടിയത്. വെറ്റിനറി ഡോക്ടർ അനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. കടുവയെ ചികിത്സക്കായി പെരിയാർ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലയത്തിനു സമീപം തേയില തോട്ടത്തിൽ കടുവയെ കണ്ടെത്തിയത്. പിന്നാലെ മയക്കുവെടി വെക്കുകയായിരുന്നു. എന്നാൽ വെടിയേറ്റ ശേഷവും കടുവ ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചു ചാടി. ഇത് ആശങ്കയുയർത്തിയെങ്കിലും അൽപ സമയത്തിന് ശേഷം കടുവയെ പിടികൂടി. ആരോഗ്യനില മോശമായ കടുവയ്ക്ക് ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇതിനായി കടുവയെ പെരിയാർ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

കടുവയെ പിടികൂടാനായുള്ള രണ്ട് ദിവസം നീണ്ട ദൗത്യമാണ് ഇന്ന് അവസാനിച്ചത്. നേരത്തെ ഗ്രാംമ്പി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തന്നെയാണ് ഇന്നലെ അരണക്കല്ലിലും കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവ അക്രമാസക്തമാകാനും മനുഷ്യജീവന് ഭീഷണി ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വണ്ടിപ്പെരിയാർ പഞ്ചായത്ത് വാർഡ് 15ൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാലിന് പരിക്കേറ്റ നിലയിലായിരുന്നു കടുവ.


കടുവയ്ക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെ ഇന്നലെ വീണ്ടും ആക്രമണമുണ്ടായി. ഇന്നലെ രാത്രി അരണക്കല്ലിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നു. പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com