

തിരുപ്പതി ലഡു ഉണ്ടാക്കാൻ മുൻ സർക്കാർ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ ലാബ് റിപ്പോർട്ട് കൂടി പുറത്തുവിട്ട് ടിഡിപി (തെലുങ്ക് ദേശം പാർട്ടി). ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും കണ്ടെത്തിയെന്ന് ടിഡിപി ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ലാബ് റിപ്പോർട്ട് പ്രദർശിപ്പിച്ചാണ് ടിഡിപി വക്താവ് ആരോപണം ആവർത്തിച്ചത്. എന്നാല്‍ ഇത് ഔദ്യോഗികമായ റിപ്പോർട്ടാണോയെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡു ഉണ്ടാക്കാൻ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം വൻ രാഷ്ട്രീയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്. ഇതിനിടെയാണ് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചു എന്നുള്ള ലാബ് റിപ്പോർട്ടുമായി ടിഡിപി രംഗത്തെത്തിയത്. ഗുജറാത്ത് ആസ്ഥാനമായുള്ള എൻഡിഡിബി സിഎഎൽഎഫ് ലാബ് ലിമിറ്റഡ് നടത്തിയ പരിശോധനയുടെ ഫലമാണ് ടിഡിപി വക്താവ് വെങ്കട രമണ റെഡ്ഡി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. മുൻ സർക്കാരിനെതിരെ ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷും രൂക്ഷവിമർശനമാണ് നടത്തിയത്. ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചിരുന്നെന്ന് ലാബ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്ന് ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും ആരോപിച്ചു.
Also Read: തിരുപ്പതി ലഡു വിവാദം; ആന്ധ്ര സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ വകുപ്പ്
മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് ജഗൻ മോഹൻ സർക്കാർ തിരുപ്പതി ലഡ്ഡു ഉണ്ടാക്കിയതെന്നാണ് കഴിഞ്ഞദിവസം ചന്ദ്രബാബു നായിഡു ആരോപിച്ചത്. ഈ ആരോപണം തള്ളിയ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ ചന്ദ്രബാബു നായിഡുവിന് രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്നും പ്രതികരിച്ചു. രാഷ്‌ട്രീയ നേട്ടത്തിനായി ഏത് തലതിരിഞ്ഞ നടപടിയും നായിഡു സ്വീകരിക്കുമെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് സുബ്ബ റെഡ്ഡി പറഞ്ഞു. ലാബ് റിപ്പോർട്ട് എന്ന പേരിൽ നേതാക്കൾ ഫലം പുറത്തുവിട്ടെങ്കിലും കൃത്യമായ ഫലമാണോ ഇതെന്ന കാര്യം ആന്ധ്രാപ്രദേശ് സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. തിരുമല തിരുപ്പതി ക്ഷേത്രത്തിന്‍റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.