വീടിനകത്ത് കയറാൻ കഴിയാതായതോടെ മോഷ്ടാവ് സിസിടിവി ക്യാമറകൾ തകർത്തു; തിരുട്ടു സംഘം മാതൃകയില്‍ വീണ്ടും കവർച്ചാശ്രമം

വീടിൻ്റെ മുന്‍വശത്തേയും പിന്നിലെയും വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിസിടിവിയില്‍ ദൃശ്യം പതിയാതിരിക്കാന്‍ ഗെയിറ്റിലേയും സിറ്റൗട്ടിലേയും ഉള്‍പ്പടെ നാല് ക്യാമറകളും തകര്‍ത്തു.
വീടിനകത്ത് കയറാൻ കഴിയാതായതോടെ മോഷ്ടാവ്  സിസിടിവി ക്യാമറകൾ തകർത്തു; തിരുട്ടു സംഘം മാതൃകയില്‍ വീണ്ടും കവർച്ചാശ്രമം
Published on



തിരുട്ടു സംഘം മാതൃകയില്‍ മലപ്പുറം കല്‍പ്പകഞ്ചേരി ആതവനാട്ട് മുഖംമൂടി ധരിച്ചെത്തി ആൾത്താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ചാശ്രമം. ഗൾഫിലുള്ള പ്രവാസി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് . അകത്ത് കയറാന്‍ സാധിക്കാതെ വന്നതോടെ സിസിടിവി ക്യാമറകള്‍ തകര്‍ത്താണ് മോഷ്ടാവ് മടങ്ങിയത്.


വെള്ളിയാഴ്ച രാത്രിയാണ് ആൾതാമസമില്ലാത്ത ആതവനാട് അബ്ദുറഹീമിന്റെ വീട്ടിൽ മോഷ്ടാവ് എത്തിയത്. മതില്‍ ചാടി കടന്ന മോഷ്ടാവിന് പക്ഷേ വീടിന് അകത്ത് കയറാനായില്ല. വീടിൻ്റെ മുന്‍വശത്തേയും പിന്നിലെയും വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിസിടിവിയില്‍ ദൃശ്യം പതിയാതിരിക്കാന്‍ ഗെയിറ്റിലേയും സിറ്റൗട്ടിലേയും ഉള്‍പ്പടെ നാല് ക്യാമറകളും തകര്‍ത്തു.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസുകാരനായ അബ്ദുറഹീം കുടുംബ സമേതം വിദേശത്താണ്. ഇദ്ദേഹം രണ്ടാഴ്ച മുമ്പും കുടുംബം രണ്ട് മാസം മുമ്പും നാട്ടില്‍ വന്ന് മടങ്ങിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അബ്ദുറഹീമിന്റെ ഭാര്യ മൊബൈലില്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍ പെട്ടത്. സിസിടിവി ക്യാമറകൾ സ്ഥാനം തെറ്റിയ നിലയില്‍ കണ്ടതോടെ വിശദ പരിശോധന നടത്തുകയായിരുന്നു. അതോടെയാണ് മോഷ്ടാവ് വരുന്നത് മുതലുള്ള ദൃശ്യങ്ങള്‍ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് നാട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി പരിശോധന നടത്തി.


രണ്ട് മണിക്കൂറോളം മോഷ്ടാവ് വീട്ടില്‍ ചെലവിട്ടിട്ടുണ്ട്. കല്‍പ്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിരുട്ടു സംഘാംഗങ്ങള്‍ പല ഭാഗത്തും എത്തിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയുള്ള കവര്‍ച്ചാശ്രമം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com