
കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തലില്‍ ബിജെപിയുടെ വാദം തള്ളി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ്. കോടികള്‍ക്ക് കാവല്‍ നിന്ന താന്‍ എന്തിന് കടം വാങ്ങി ക്രമക്കേട് നടത്തണമെന്ന് സതീശ് ചോദിച്ചു. മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയും. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട്.
അവിടെ വന്ന കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താന്‍. പണം എത്തുന്ന സമയത്ത് താനും ജില്ലാ ട്രഷററും അവിടെയുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേടില്‍ തനിക്കെതിരെ നടപടിയെടുത്തെന്ന ജില്ലാ നേതൃത്വത്തിന്റെ വാദവും സതീശ് തള്ളി.
തൃശൂര്‍ ജില്ലയിലേക്കുള്ള പണം ഓഫീസില്‍ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്ക്കു പോകുമ്പോഴാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിച്ചത്. താനിപ്പോഴും ബിജെപി അംഗമാണ്. വ്യക്തിഹത്യ നടത്താതെ ആരോപണത്തിന് മറുപടി പറയൂ എന്നും സതീശ് പറഞ്ഞു.
അതേസമയം, സതീശന്റെ വെളിപ്പെടുത്തലിനു പിന്നാലെ, ബിജെപി- സിപിഎം ഡീല്‍ എന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തി. കേസ് എങ്ങും എത്താത്തതിന് കാരണം നെക്‌സസ് എന്ന് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. കുഴല്‍പ്പണ കേസിനെ കവര്‍ച്ച കേസ് ആക്കിയതിന്റെ ഗുണം പിണറായിക്ക് കിട്ടിയെന്ന് കെ മുരളീധരനും പ്രതികരിച്ചു.
കൊടകര കേസില്‍ അന്വേഷണ ഏജന്‍സിയായ ഇഡി ബിജെപിക്ക് വേണ്ടി ഒത്തുകളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും പണം കൊടുത്തിട്ടുണ്ടാകാം. കേസില്‍ പുനരന്വേഷണ വേണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.