
കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് ശരിവെച്ച് വൈദ്യുതിമന്ത്രി കെ. കൃഷ്‌ണൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, നിരപരാധിയെന്ന് അവകാശപ്പെടുന്ന പ്രതി അജ്‌മലിൻ്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നു. പ്രതിയാക്കാൻ പൊലീസ് മനഃപ്പൂർവം ശ്രമിച്ചെന്നാണ് അജ്മൽ ആരോപിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെ മർദ്ദിക്കുന്ന വീഡിയോ ഫോണിൽ ഉണ്ടായിരുന്നുവെന്നും ഈ ഫോൺ പൊലീസും ഉദ്യോഗസ്ഥരും പിടിച്ചുവെച്ചെന്നും അജ്മൽ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിൻ്റെ പിതാവ് യു സി റസാഖിൻ്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാൻ എത്തിയ ലൈൻമാനെ യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ ആക്രമിച്ചത്. തുടർന്ന് സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങളടങ്ങുന്ന മലിന ജലം ഒഴിക്കുകയും, സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ചെയ്തു. അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. ഓഫീസ് ആക്രമണത്തിൽ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം.
മർദനമേറ്റ അസിസ്റ്റന്റ് എഞ്ചിനീയറും നാല് ജീവനക്കാരും മുക്കം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ യു.സിയെ റിമാൻഡ് ചെയ്‌തിരുന്നു. അക്രമത്തെ തുടർന്ന് പ്രതികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് അജ്മലിൻ്റെ മാതാപിതാക്കള്‍ കെഎസ്ഇബിയ്ക്ക് മുന്നിൽ തിരി കത്തിച്ച് പ്രതിഷേധത്തിനെത്തിയത്. കെഎസ്ഇബി ഓഫീസിന് മുന്നിൽ തിരി കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ പ്രതിയുടെ പിതാവ് കുഴഞ്ഞുവീണിരുന്നു.