
ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള രാമസേതുവാണ് എഡിജിപിയെന്ന് കോണ്‍ഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപനും അനിൽ അക്കരയും. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. പൂരം കലക്കിയതിന് നേതൃത്വം കൊടുത്ത എഡിജിപി നടത്തുന്ന അന്വേഷണത്തിൽ തൃശൂരുക്കാർക്ക് വിശ്വാസമില്ല. സിപിഐയും സുനിൽ കുമാറും മുട്ടിൽ ഇഴയുകയാണെന്നും പൂരം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
തൃശൂരിലെ സിപിഎം വോട്ടുകൾ ബിജെപിക്ക് ലഭിച്ച പാരിതോഷികമാണ്. സുരേഷ് ഗോപിയെ സേവാ ഭാരതിയുടെ ആംബുലൻസിൽ എത്തിക്കാൻ നേതൃത്വം നൽകിയത് എഡിജിപിയാണ്. മുഖ്യമന്ത്രിയുടെ മാനസപുത്രനാണ് എഡിജിപിയെന്ന് ഇന്നത്തോടെ വ്യക്തമായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേർത്തു.
Also Read: തൃശൂർ പൂര വിവാദം: അന്വേഷണ റിപ്പോർട്ട് ഈ മാസം 24ന് സമർപ്പിക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി
അൻവറിനെ തള്ളിയ മുഖ്യമന്ത്രി എഡിജിപിയെയും ശശിയെയും തള്ളിയില്ല. എഡിജിപിയെ സസ്പെൻഡ് ചെയ്തു ജുഡീഷ്യൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. 24ന് പുറത്ത് വിടുന്ന റിപ്പോർട്ട് എഡിജിപിയെ സംരക്ഷിക്കുന്ന റിപ്പോർട്ട് ആയിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
അതേസമയം, എഡിജിപി എം.ആർ. അജിത് കുമാറിനു നേരെ ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ട് യുക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. സേനയുടെ മനോവീര്യം തകർക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. തൃശൂർ പൂരത്തെക്കുറിച്ചുള്ള അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ലെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.
ഈ മാസം 24നകം റിപ്പോർട്ട് സമർപ്പിക്കാൻ അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും സാധാരണ ഗതിയിൽ അന്വേഷണം നേരത്തെ തീരേണ്ടതാണെന്നും നീരസത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് മുഖവിലയ്ക്ക് എടുക്കുന്നെന്ന് സിപിഐ നേതാവും തൃശൂർ ലോക്‌സഭാ സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ പറഞ്ഞു.