'ബാഗില്ലാതെ സ്കൂളിലേക്ക്'; എൻസിഇആർടിയുടെ പുതിയ പദ്ധതി അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഒരു അധ്യായന വർഷത്തിൽ പത്ത് ദിവസം ബാഗില്ലാതെയുള്ള പഠനം നടത്തുകയെന്നതാണ് പദ്ധതി മുന്നോട്ട് വെക്കുന്ന ആശയം
'ബാഗില്ലാതെ സ്കൂളിലേക്ക്'; എൻസിഇആർടിയുടെ പുതിയ പദ്ധതി അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
Published on

എൻസിഇആർടിയുടെ 'ബാഗ്‌ലെസ്സ് ഡേയ്സ്' പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മാർഗരേഖകൾ വായിച്ചെന്നും പദ്ധതി കൂടുതൽ മികച്ചതാക്കുമെന്നും അധികൃതർ അറിയിച്ചു.

എൻസിഇആർടിയുടെ യൂണിറ്റായ പിഎസ്എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എജ്യുക്കേഷനാണ് 'ബാഗ്‌ലെസ്സ് ദിന'ങ്ങളെന്ന ആശയം മുന്നോട്ട് വെച്ചത്. സ്കൂളുകളിലെ പഠനം വിദ്യാർഥികൾക്ക് കൂടുതൽ സന്തോഷകരവും സമ്മർദ്ദരഹിതവുമാക്കാനായുള്ള പദ്ധതിയാണിത്. പേര് പോലെ ബാഗുകളില്ലാതെ പഠനം നടത്തുന്ന രീതിയാണ് 'ബാഗ്‌ലെസ്സ് ഡേയ്സ്' അവതരിപ്പിക്കുന്നത്.

ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു അധ്യായന വർഷത്തിൽ 10 ബാഗ്‌ലെസ്സ് ദിനങ്ങളാണ് ഉണ്ടാവുക. ഈ സമയം വിദ്യാർഥികൾ പ്രാദേശിക വിദഗ്ദരുമായി സംസാരിക്കുകയും പരിശീലനം നേടുകയും, പരമ്പരാഗത സ്കൂൾ പഠനത്തിന് പുറത്തുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. വിദ്യാർഥികൾ തങ്ങളുടെ സ്കൂൾ ഉൾപ്പെട്ടിരിക്കുന്ന വലിയ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് നേടികൊടുക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഇതിനോടൊപ്പം കല, ക്വിസുകൾ, സ്‌പോർട്‌സ്, നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള പഠനം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളേയും പദ്ധതി പ്രോത്സാഹിപ്പിക്കും. ചരിത്രപരവും സാംസ്കാരികപരവുമായ ടൂറിസ്റ്റ് സൈറ്റുകൾ സന്ദർശിക്കുന്നതും, പ്രാദേശിക കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും ഇടപഴകുന്നതും, അവരുടെ ഗ്രാമം, ജില്ല എന്നിവയ്ക്കുള്ളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതും ഉൾപ്പെടെ ക്ലാസ്റൂമിന് പുറത്തുള്ള പ്രവർത്തനങ്ങൾ ഇടയ്ക്കിടെ നടത്തുന്നത് വഴി കുട്ടികളുടെ നൈപുണ്യം മെച്ചപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പച്ചക്കറി മാർക്കറ്റ് സന്ദർശിച്ച് സർവേ നടത്തുക, ചാരിറ്റിഹോമുകൾ സന്ദർശിക്കുക, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ച് സർവേയും റിപ്പോർട്ടും എഴുതുക, ഡൂഡ്ലിംഗ്, പട്ടം നിർമാണം, പുസ്തകമേള സംഘടിപ്പിക്കൽ, ആൽമരച്ചുവട്ടിൽ ഇരുന്നുള്ള പഠനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് എൻസിഇആർടി ശുപാർശ ചെയ്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com