
സംസ്ഥാന സ്കൂൾ കായികമേളയി വേഗതാരങ്ങളെ നാലാം ദിനമായ ഇന്ന് അറിയാം. ഇന്ന് നടന്ന മത്സരത്തിൽ കോഴിക്കോടാണ് ആദ്യ സ്വർണം കരസ്ഥമാക്കിയത്. ജൂനിയർ ബോയ്സ് 5000 മീറ്റർ നടത്തത്തിൽ കോഴിക്കോടിനാണ് സ്വർണ്ണം. സെയ്ൻ്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയലിലെ വിദ്യാർഥി ആദിത്താണ് നേട്ടം കൈവരിച്ചത്.
നിലവിലെ കണക്കനുസരിച്ച് പോയിന്‍റ് പട്ടികയിൽ മലപ്പുറം ഒന്നാം സ്ഥാനത്താണ് തുടരുന്നത്. അതേസമയം അത്ലറ്റിക്സിൽ മലപ്പുറം അഞ്ചാം സ്വർണം സ്വന്തമാക്കി. ജൂനിയർ ഗേൾസിൻ്റെ 3 കിലോ മീറ്റർ നടത്തത്തിൽ മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ നിരഞ്ജന സ്വർണ്ണം നേടി. ഇതുവരെ നടന്ന ഗെയിംസ് ഇനങ്ങളിൽ 419 ഇനങ്ങളാണ് പൂർത്തിയായത്. മെഡൽ വേട്ടയിൽ തിരുവനന്തപുരം മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. 1561 പോയിൻ്റുകളോടെയാണ് തിരുവന്തപുരം മുന്നിട്ട് നിൽക്കുന്നത്.
രണ്ടാം സ്ഥാനത്ത് തൃശൂർ ജില്ലയാണ് ഉള്ളത്. അത്ലറ്റിക്സ് മത്സരങ്ങളുടെ കണക്കെടുത്താൽ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഇന്നല രണ്ടു ജില്ലയും നാല് വീതം സ്വർണവുമാണ് നേടിയത്. എന്നാൽ ഇന്ന് മലപ്പുറം ഒരു സ്വർണം കൂടി നേടിയതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. കോതമംഗലം മാർ ബേസിൽ സ‌്കൂളാണ് മികച്ച സ്കൂളുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. കായിക മേളയിൽ ഇന്ന് 16 ഇനങ്ങളുടെ ഫൈനൽ മത്സരങ്ങളാകും നടക്കുക.