ഇന്ന് ചിങ്ങം 1, ഇനി കൊല്ലവർഷം 1200 ; അതിജീവനത്തിന്‍റെ പാതയില്‍ പുതുവർഷത്തിനായി ഒരുങ്ങി മലയാളം

മലയാളികളുടെ സങ്കൽപത്തിൽ ഇനിയങ്ങോട്ട് തുമ്പയും മുക്കുറ്റിയും അടക്കം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം
ഇന്ന് ചിങ്ങം 1, ഇനി കൊല്ലവർഷം 1200 ; അതിജീവനത്തിന്‍റെ പാതയില്‍  പുതുവർഷത്തിനായി ഒരുങ്ങി മലയാളം
Published on

ഇന്ന് ചിങ്ങം ഒന്ന്. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷം ആരംഭിക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭം. ഒപ്പം അതിജീവനത്തിന്‍റെ പ്രതീക്ഷകളുമായി പുതിയ നൂറ്റാണ്ടിന്‍റെയും. അതുകൊണ്ട് തന്നെ,  മലയാളികളെ സംബന്ധിച്ച് ഇത്തവണത്തെ പുതുവർഷത്തിന് പ്രത്യേകതകൾ ഏറെയാണ്.  ഉരുള്‍പൊട്ടലില്‍ വീടും സ്വത്തും ഉടയവരേയും നഷ്ടമായവർക്ക് കൈത്താങ്ങാവാന്‍ ഒറ്റക്കെട്ടായി അണിനിരക്കുകയാണ് മലയാളി. 


32 ദിവസം നീണ്ട 'കള്ളക്കർക്കടത്തിന്' വിടപറഞ്ഞ്, മലയാളി ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും നാളുകളിലേക്ക് കടക്കുകയാണ്. വാണിജ്യ കേന്ദ്രമായ കൊല്ലത്തേക്ക് മറ്റ് ദേശങ്ങളിൽ നിന്ന് എത്തിയ കച്ചവടക്കാരാണ് 12 മാസങ്ങളുള്ള കൊല്ലവർഷത്തിന് രൂപം നൽകാൻ കാരണമായത്. എ ഡി 824ലാണ് അങ്ങനെ കൊല്ലവർഷം തയ്യാറാക്കിത്തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.

ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. പെയ്തൊഴിയാത്ത പേമാരിയുടെയും പഞ്ഞമാസത്തിലെ വറുതിയുടയേും കാർമേഘം നിറഞ്ഞ നാളുകളിൽ നിന്ന് വർണങ്ങളിലേക്ക് പ്രകൃതിയും മടങ്ങുകയാണ്. മലയാളികളുടെ സങ്കൽപത്തിൽ ഇനിയങ്ങോട്ട് തുമ്പയും മുക്കുറ്റിയും അടക്കം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്‍റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്‍റേതും കൂടിയാണ് ഈ പുതുവർഷപ്പിറവി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com