
ആഗോള വിപണിയില്‍ ഏറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. രാജ്യത്തെ ജിഡിപിയുടെ 5 ശതമാനം വരുമാനവും ഇപ്പോൾ പാലില്‍ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, ആഗോള ക്ഷീര ഉല്‍പാദനത്തില്‍ 25 ശതമാനം സംഭാവന ഇന്ത്യയുടേതാണ്. ഇതിനു പിന്നില്‍ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഒരു മലയാളിയുണ്ട്- ഡോ. വർഗീസ് കുര്യന്‍. ഇന്ത്യയുടെ "മിൽക്ക് മാൻ" വർഗീസ് കുര്യന്‍റെ ഓർമദിനമാണ് ഇന്ന്.
'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു, അടിമത്തത്തില്‍ നിന്നുള്ള അമേരിക്കയുടെ മോചനത്തിന് മാർട്ടിന്‍ ലൂഥർ കിംഗ് കണ്ടതുപൊലൊരു സ്വപ്നം'. ഇങ്ങ് ഇന്ത്യയില്‍ ദരിദ്രകർഷകരെ വിശപ്പില്‍ നിന്ന് മോചിപ്പിക്കാനുള്ള സ്വപ്നത്തെ കുറിച്ച് കോഴിക്കോട്ടുകാരനായ ഡോ. വർഗീസ് കുര്യൻ്റെ വാക്കുകൾ.
ഗുജറാത്തിലാണ് ആ സാമൂഹിക വിപ്ലവം പാല്‍ചുരത്തിയത്. ഡയറി ഫാക്ടറിയില്‍ സർക്കാരുദ്യോഗസ്ഥാനായാണ് വർഗീസ് കുര്യന്‍ ഗുജറാത്തിലെ ആനന്ദില്‍ എത്തിയത്. എന്നാല്‍ ആ കുഗ്രാമം കുര്യന്‍റെ നിയോഗം തിരുത്തിയെഴുതി. അന്ത്യാഭിലാഷപ്രകാരം, അതേ മണ്ണിലാണ് അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമവും.
ഇടനിലക്കാരായിരുന്ന മുതലാളിമാർ ബ്രിട്ടീഷുകാരുടെ പിന്തുണയോടെ പാല്‍വിപണി പോക്കറ്റിലാക്കിയപ്പോള്‍, പട്ടിണിയിലായത് പാവപ്പെട്ട ക്ഷീര കർഷകരാണ്. ഇത്തരം ചൂഷണത്തിനെതിരെ കർഷകരെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഗാന്ധിയനായ ത്രിഭുവൻദാസ് പട്ടേല്‍. സ്വാതന്ത്രത്തിനും മുന്‍പ് സഹകരണപ്രസ്ഥാനമായി ആരംഭിച്ച ദൗത്യത്തെ 1957 ല്‍ വർഗീസ് കുര്യന്‍ ഒരു ബ്രാന്‍ഡാക്കി വളർത്തി. ആനന്ദ് മില്‍ക് യൂണിയന്‍ ലിമിറ്റഡ് എന്ന 'അമുല്‍- ദ ടേസ്റ്റ് ഓഫ് ഇന്ത്യ'.
1966ല്‍ അമൂലിന്‍റെ പ്രധാന ഉല്‍പ്പന്നമായ വെണ്ണയ്ക്ക് ഒരു പുതിയ ബ്രാന്‍ഡ് ഐക്കണ്‍ കൊണ്ടുവന്നു. അമൂലിന്‍റെ ഭാഗ്യചിഹ്നം. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാവർക്കും സുപരിചിതമായ അമൂലിന്‍റെ മുഖം. ചുവന്ന പോള്‍ക്ക കുത്തുകളുള്ള വെളുത്ത ഫ്രോക്കും ചുവന്ന ഷൂസും അതേ നിറത്തില്‍ റിബണും ധരിച്ച ഒരു കൊച്ചു പെണ്‍കുട്ടി. 56 വർഷമായി ആ കുസൃതിക്കാരിയായ പെണ്‍കുട്ടിയുടെ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക അഭിപ്രായ പ്രകടനങ്ങള്‍ ഇന്ത്യന്‍ ജനതയുടെ പോപ് കള്‍ച്ചറിന്‍റെ ഭാഗമാണ്. ഇതിനു പിന്നിലും വർഗീസ് കുര്യന്‍റെ ബുദ്ധി നമുക്ക് കാണാന്‍ സാധിക്കും. ബ്രാന്‍ഡിങ് നിർവഹിച്ച അഡ്‌വർടൈസിങ് ആന്‍ഡ് സെയില്‍സ് പ്രൊമോഷന്‍ കമ്പനിക്ക് വർഗീസ് കുര്യന്‍ നല്കിയ നിർദേശം ഇത്രമാത്രമായിരുന്നു. ഇന്ത്യയിലെ എല്ലാ വീട്ടമ്മമാർക്കും ഐക്കണ്‍ പരിചിതമായിരിക്കണം. അതിനായി കുസൃതിക്കാരി പെണ്‍കുട്ടിയെ നിർദേശിച്ചതും കുര്യന്‍ തന്നെ. ആ ഭാഗ്യചിഹ്നത്തിന്‍റെ ആശയം കുര്യന് ലഭിച്ചതോ എതിരാളികളായ പോള്‍സണ്‍ന്‍റെ ബട്ടർ ഗേളില്‍ നിന്നും.
ALSO READ: വിദ്യാധനം സര്‍വധനാല്‍ പ്രധാനം; ഇന്ന് ലോക സാക്ഷരതാ ദിനം
കുര്യന്‍റെ നേതൃത്വത്തില്‍ ഗ്രാമമേഖലകളില്‍ പതഞ്ഞുപൊന്തിയ സഹകരണ പ്രസ്ഥാനങ്ങള്‍, സ്വയംപര്യാപ്തതയുടെ രാജ്യാന്തര മാതൃകയായി മാറി. ഓപ്പറേഷന്‍ ഫ്ലഡിലൂടെ ഇന്ത്യയില്‍ ധവള വിപ്ലവം തീർത്ത ആ മുന്നേറ്റത്തിന്‍റെ രണ്ടാംഘട്ടത്തിലാണ് കേരളത്തില്‍ മില്‍മ കോർപ്പറേഷന്‍ അടക്കം രൂപം കൊള്ളുന്നത്. അമൂല്‍ പോലുള്ള വ്യവസായമാതൃകകളിലൂടെ, സാധാരണക്കാരന്‍റെ ജീവിത നിലവാരമുയർത്തുന്ന വികസന സങ്കല്‍പ്പത്തിനാണ് ഡോ. വർഗീസ് കുര്യന്‍ സേവനമുഴിഞ്ഞുവച്ചത്. ഇത്രയും ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയ ഒരു 'ബ്രാന്‍ഡിന്' ഇലക്ഷനില്‍ മത്സരിച്ചുകൂടേ എന്ന ചോദ്യത്തിനും വർഗീസ് കുര്യന് മറുപടിയുണ്ട്-".മത്സരിച്ചാല്‍ എളുപ്പത്തില്‍ ജയിക്കും"
'I TOO HAD A DREAM' എന്ന അദ്ദേഹത്തിന്‍റെ ആത്മകഥയുടെ ആമുഖം 2005ല്‍ കൊച്ചുമകന് എഴുതിയ ഒരു കത്താണ്. കത്തില്‍ അടുത്ത തലമുറയ്ക്കായുള്ള അദ്ദേഹത്തിന്‍റെ ഉപദേശം ഉപസംഹരിക്കുന്നതിങ്ങനെയാണ് - 'എല്ലാവർക്കും ആവശ്യമുള്ളതെല്ലാം നമുക്ക് ചുറ്റിലുമുണ്ടെന്ന വിവേകമുണ്ടെങ്കില്‍, ജീവിതം പൂർണ്ണമാണ്.'