
ജപ്പാനിലെ ഹിരോഷിമയെ ചുട്ടുചാമ്പലാക്കിയ അണുബോംബ് ആക്രമണത്തിൻ്റെ ഓർമകൾക്ക് ഇന്ന് 79 വയസ്. അമേരിക്കയുടെ കൊടും ക്രൂരതയില്‍ അന്ന് ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്. ലോകത്തിലെ ഏറ്റവും വിനാശകരമായ നിമിഷത്തെയാണ് ഹിരോഷിമ ഓർമിപ്പിക്കുന്നത്.
1945 ഓഗസ്റ്റ് 6, ലോകത്ത് ആദ്യമായി യുദ്ധത്തില്‍ അണുബോംബ് പ്രയോഗിച്ചതും, അമേരിക്കയ്ക്ക് മുന്നിൽ ജപ്പാൻ നിഷ്പ്രഭമായതും ഈ ദിവസമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ തുടക്കത്തില്‍ യൂറോപ്യൻ രാജ്യങ്ങൾക്ക് ആയുധങ്ങള്‍ നല്‍കി ഗ്യാലറിയിലിരുന്ന് നിരീക്ഷിക്കുകയായിരുന്നു അമേരിക്ക. എന്നാൽ ജപ്പാൻ അമേരിക്കയുടെ നാവികസങ്കേതമായ പേള്‍ ഹാര്‍ബർ ആക്രമിച്ചു. ഈ പ്രകോപനം യുദ്ധമുഖത്തേക്കുള്ള അമേരിക്കയുടെ പരസ്യപ്രവേശനത്തിന് കാരണമായി. കീഴങ്ങണമെന്ന് പലയാവൃത്തി അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ജപ്പാൻ ചെവിക്കൊണ്ടില്ല. ഒടുവില്‍ അണുബോംബ് പ്രയോഗിക്കാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു. ലോകത്തിന് മേൽ അധീശത്വം തെളിയിക്കാനുള്ള വ്യഗ്രത കൂടിയായിരുന്നു ഹിരോഷിമയില്‍ അരങ്ങേറിയ കണ്ണില്ലാ ക്രൂരത. പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ നേതൃത്വത്തിലായിരുന്നു ആ നീചകൃത്യം നടന്നത്.
എനോല ഗേ ബി-29 എന്ന അമേരിക്കന്‍ യുദ്ധ വിമാനത്തില്‍ നിന്ന് ഹിരോഷിമയില്‍ പതിച്ച മാരക പ്രഹരശേഷിയുള്ള അണുബോംബ്, വിനാശത്തിൻ്റെ ചുഴിയിലേക്ക് നഗരത്തെ ഒന്നാകെ തള്ളിവിട്ടു. ആകാശംമുട്ടെ ജ്വലിച്ച് ഉയർന്ന തീയിൽ നഗരം കത്തി ഇല്ലാതെയായി. 140,000ത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. 50000-ലധികംപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വീടും വ്യാപാരസ്ഥാപനങ്ങളുമെല്ലാം കത്തി ചാമ്പലായി. രക്ഷപെട്ടവർ കാന്‍സര്‍ പോലുള്ള മാരക രോഗത്തിന് കീഴടങ്ങി. കാലങ്ങള്‍ക്കിപ്പുറവും ഈ ദുരന്തത്തിൻ്റെ ആഘാതംപേറി ജീവിക്കുന്നവരെ ജപ്പാന്റെ തെരുവുകളിൽ കാണാം.