'മാൽപെ' സംഘത്തിൻ്റെ തെരച്ചിലിൽ പ്രതീക്ഷ; അർജുനായുള്ള ദൗത്യം തുടരും

പ്രതികൂല കാലാവസ്ഥയിലും ശക്തമായ കുത്തൊഴുക്കിലും ജീവൻ പണയപ്പെടുത്തിയാണ് സംഘം ദൗത്യമായി മുന്നോട്ടു നീങ്ങിയത് രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമേ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും എത്തിച്ചിരുന്നു
'മാൽപെ' സംഘത്തിൻ്റെ തെരച്ചിലിൽ പ്രതീക്ഷ; അർജുനായുള്ള ദൗത്യം തുടരും
Published on

അർജുനെ കണ്ടെത്താനുള്ള പന്ത്രണ്ടാം ദിവസത്തെ തെരച്ചിലും ഫലം കണ്ടില്ല. ഷിരൂരിലെ ഗംഗാവലി നദിയിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം ആറു തവണയാണ് നദിയുടെ ആഴത്തിലേക്ക് ഇറങ്ങി പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ ഇശ്വർ മാൽപയെ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി 100 മീറ്ററോളം അദ്ദേഹം ഒഴുകി പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവരുടെ നിർണായക ഇടപെടലിലൂടെ അദ്ദേഹത്തെ കരക്കെത്തിച്ചു.

പ്രതികൂല കാലാവസ്ഥയിലും ശക്തമായ കുത്തൊഴുക്കിലും ജീവൻ പണയപ്പെടുത്തിയാണ് സംഘം ദൗത്യവുമായി മുന്നോട്ടു നീങ്ങിയത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമേ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും എത്തിച്ചിരുന്നു. അർജുൻ്റെ ട്രക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന നാലാമത്തെ സ്പോട്ടിലാണ് തെരച്ചിൽ നടത്തിയത്. എന്നാൽ അവിടെ മനുഷ്യസാന്നിധ്യമുണ്ടോ എന്നതിൽ വ്യക്തതയില്ല. ട്രക്ക് സാന്നിധ്യം മാത്രമാണ് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത്. നദിയിൽ സിപി 4 എന്ന പോയിൻ്റിൽ കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയാണ് ക്യാബിന്‍ ഉള്ളതെന്നും പരിശോധന റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്തോറും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് തെന്നിമാറുകയാണെന്നും വെള്ളം കലങ്ങുന്നതിനാൽ കാഴ്ചപരിമിതിയുണ്ടെന്നും ദൗത്യസംഘം പറയുന്നു. ഇരുമ്പു ദണ്ഡുമായാണ് സംഘം ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് പരിശോധിക്കുന്നത്. സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കൃത്യമായ നിർദേശങ്ങളുമായി എൻഡിആർഎഫിൻ്റെയും നാവികസേനയുടെയും കരസേനയുടെയും ഉദ്യോഗസ്ഥരും ബോട്ടുകളും സ്ഥലത്ത് ഉണ്ടായിരുന്നു. സമാനമായ രീതിയിൽ പലപ്പോഴായി ഇതേ നദികളിലടക്കം പരിശോധന നടത്തിയിരുന്ന മാൽപെ സംഘത്തിൻ്റെ രക്ഷാദൗത്യത്തിൽ വലിയ പ്രതീക്ഷയാണുളളത്. ഇരുട്ടിയതിനാലാണ് ഇന്നത്തെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയത്.

അതേസമയം, രക്ഷാപ്രവർത്തനത്തിന് വേഗത വന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ ആശങ്കകൾ കർണാടക സർക്കാരിനെ അറിയിച്ചു. ചില നിർദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. അർജുനെ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്നും എത്ര ദിവസമായാലും രക്ഷാപ്രവർത്തനം തുടരുമെന്ന് സർക്കാർ അറിയിച്ചതായും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com